മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വിരുന്നിനു ക്ഷണിച്ചു വരുത്തി വിഷക്കൂണ്‍ നല്‍കി ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയായ എറിന്‍ പാറ്റേഴ്സണ് ജീവപര്യന്തം തടവുശിക്ഷ. 33 വര്‍ഷം കഴിഞ്ഞ് മാത്രമേ പരോള്‍ അനുവദിക്കുകയുള്ളൂ എന്നും ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി ജഡ്ജി അറിയിച്ചു.
നിലവില്‍ 50-കാരിയായ എറിന്, കോടതി പറയുന്നത് പ്രകാരമാണെങ്കില്‍ ഇനി 83-ാം വയസ്സിലേ പുറംലോകം കാണാനാവൂ. കുറ്റകൃത്യത്തിന്റെ ഗൗരവം കാരണം തടവുശിക്ഷയുടെ ഭൂരിഭാഗം സമയവും ഏകാന്തതയില്‍ കഴിയേണ്ടിവരും.2023-ലാണ് കേസിനാസ്പദമായ സംഭവം. അകന്നു കഴിയുന്ന ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും അമ്മായിയെയും അമ്മാവനെയും വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു എറിന്‍ പാറ്റേഴ്‌സണ്‍. ഭര്‍ത്താവ് സൈമണിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം അസ്വസ്ഥതയുണ്ടെന്ന് ഭാര്യക്ക് തലേദിവസം സന്ദേശമയച്ച് ഒഴിഞ്ഞുമാറി.
എന്നാല്‍ ഭര്‍തൃമാതാപിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്‌സണ്‍, അമ്മായി ഹീതര്‍ വില്‍ക്കിന്‍സണ്‍ എന്നിവര്‍ വിരുന്നിനെത്തുകയും ഭക്ഷണത്തില്‍ വിഷക്കൂണ്‍ നല്‍കി ഇവരെ കൊലപ്പെടുത്തുകയും ചെയ്തു. അമ്മാവനായ ഇയാനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.പാറ്റേഴ്‌സണും സൈമണും തമ്മില്‍ വളരെക്കാലമായി അകന്നുകഴിയുകയായിരുന്നു. നിയമപരമായി വിവാഹിതരായ ഇരുവരും മക്കളുടെ സംരക്ഷണച്ചെലവിനെച്ചൊല്ലി തര്‍ക്കിക്കുക പതിവായിരുന്നു.