പാലക്കാട്: വിഷം കഴിച്ചു ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മൃതദേഹം ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം ചെയ്യാൻ മറന്നതോടെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‍മോർട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവൻറെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് ഇന്നലെ വീട്ടിൽ പൊതുദർശനം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാർ പോലീസുമായി എത്തി മൃതദേഹം തിരികെവാങ്ങി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇന്ന് പോസ്റ്റ്‍മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അതേസമയം ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
കഴിഞ്ഞ മാസം 25ന് വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഐസിയുവിൽ ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെയാണ് മരണം സംഭവിക്കുന്നത്. തുടർന്ന് വിഷം കഴിച്ച് മരിച്ചതിനാൽ പോസ്റ്റ്‍മോർട്ടം ഉണ്ടാകുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളായതിനാൽ സാധാരണ രീതിയിൽ നടപടി പൂർത്തിയാക്കി മൃതദേഹം ആശുപത്രി അധികൃതർ വിട്ടുകൊടുത്തു.
പിന്നാലെ വൈകിട്ടോടെ വീട്ടിൽ പൊതുദർശനവും ആരംഭിച്ചു. ഇതിനിടയിൽ രാത്രി ഒമ്പതോടെ പോലീസും ആശുപത്രി ജീവനക്കാരും സ്ഥലത്തെത്തി മൃതദേഹം കൊണ്ടുപോവുകയായിരുന്നു. മരണ സർട്ടിഫിക്കറ്റിൻറെ കാര്യത്തിലടക്കം പ്രശ്നം നേരിടുമെന്നും പോസ്റ്റ്‍മോർട്ടം നടത്തണമെന്നും ബന്ധുക്കളോട് പറഞ്ഞശേഷമാണ് മൃതദേഹം കൊണ്ടുപോയത്. ആശുപത്രിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്നും ആളുകൾ അറിയിട്ടെയെന്ന് കരുതിയാണ് പറഞ്ഞതെന്നും ഇക്കാര്യത്തിൽ പരാതി ഇല്ലെന്നും ബന്ധു പി എൻ പ്രമോദ് പറഞ്ഞു. എന്നാൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണന്ന് കരുതിയെന്നാണ് ആശുപത്രി സുപ്രണ്ട് നൽകുന്ന വിശദീകരണം.















































