മുംബൈ: നടൻ സെയഫ് അലി ഖാനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ വീട്ടിൽ നിന്നും ഫോറൻസിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളിൽ ഒന്ന് പോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനകളിൽ ഈ വിരലടയാളങ്ങളിൽ ഒന്ന് പോലും ഷരീഫുൾ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്ന റിപ്പോർട്ടാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കമ്പ്യൂട്ടർ സഹായത്തോടെ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗർപ്രിന്റെ ബ്യൂറോയിലാണ് പരിശോധനകൾ നടത്തിയത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായും അവർ തുടർ പരിശോധനകൾക്കായി കൂടുതൽ വിരലടയാളങ്ങൾ അയച്ചുതന്നതായും സിഐഡി വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 16ന് പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി പ്രതി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മോഷണത്തിനായി കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് ജോലിക്കാരി അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കിൽ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാൻ രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തിൽ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
സംഭവത്തിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഷരീഫുൾ ഇസ്ലാമിന്റെ റിമാൻഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്.