കൊച്ചി: വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി അറസ്റ്റിലായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ. താൻ മദ്യപിക്കുന്ന ആളല്ലെന്നും ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും ആന്റോ പറഞ്ഞു. മദ്യവുമായി ബന്ധപ്പെട്ട കേസ് എന്താണെന്ന് അറിയില്ലെന്നും വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മദ്യത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മെസ്സി സ്പോൺസർഷിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസുമായുള്ള കാര്യങ്ങൾ കഴിഞ്ഞെന്നും എക്സൈസുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ അറസ്റ്റെന്നും ആന്റോ വ്യക്തമാക്കി.
ബുധനാഴ്ച അഗസ്റ്റിൻ സഹോദരങ്ങളുടെ വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 67 ലിറ്ററിലധികം മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശനിർമിത വിദേശമദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വിദേശവൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. ഒരാൾക്ക് നിയമപരമായി കൈവശംവെക്കാവുന്നതിലും അധികം മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നതായാണ് എക്സൈസിന്റെ കണ്ടെത്തൽ.
വീട്ടുടമസ്ഥനായ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ അറിയിച്ചു.
കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങനാനിയിലെ വീട്ടിൽ ബുധനാഴ്ച രാവിലെ 11ഓടെയാണ് പ്രത്യേക പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധന ആരംഭിച്ചത്. എസ്ഐടി അറിയിച്ചതിനെത്തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. രാത്രി 10.10ഓടെയാണ് എക്സൈസ് പരിശോധനയും തുടർനടപടികളും പൂർത്തിയാക്കി മടങ്ങിയത്.




