കൊച്ചി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസിൽ കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ എസ്ഐടി നടത്തിയ റെയ്ഡ് നിയമപരമായ നടപടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെ ആവശ്യമായ അനുമതികൾ നേടിയ ശേഷമാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് വ്യക്തമായ നിയമങ്ങളുണ്ടെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ ആഭ്യന്തര വകുപ്പോ ഇടപെടാറില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവന്നാൽ നിയമപ്രകാരമുള്ള നടപടികൾ ഉണ്ടാകും. റെയ്ഡിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മാധ്യമങ്ങൾക്ക് നേരെ വേട്ടയാടൽ നടന്നുവെന്നും അത് അടിയന്തരാവസ്ഥയ്ക്ക് സമാനമായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഉൾപ്പെടെ ജയിലിൽ കഴിഞ്ഞ സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ആരും പ്രതികരിച്ചിരുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങൾ ആര് ചെയ്താലും പൊലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കളമശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ആറുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് അവസാനിച്ചത്. ഓഫീസിൽ നിന്ന് നിരവധി രേഖകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എസ്ഐടി തലവൻ അറിയിക്കുമെന്നും എസിപി വ്യക്തമാക്കിയിരുന്നു.
കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും പരിശോധന നടത്തിയത്. ആന്റോയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മാർക്കറ്റിങ് കമ്പനിയായ ഗോട് ആഡിലും പൊലീസ് പരിശോധന നടത്തിയിരുന്നു.




