ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയുടെ ശൈലിയെ പരിഹസിച്ച രാഹുലിന്റെ നടപടി ലജ്ജാകരവും അനുചിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രശസ്തിയെ ബാധിച്ചുവെന്നും ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ അപലപനീയമാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ജനാധിപത്യത്തിന്റെ അന്തസ്സിനും പ്രതിപക്ഷ നേതാവ് എന്ന പദവിക്കും നിരക്കാത്തതാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവിൽനിന്ന് ഇത്രയും മോശമായ പെരുമാറ്റം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇത്തരമൊരു പരാമർശം നടത്തുമെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയോട് എന്ത് നീരസമുണ്ടെങ്കിലും ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന രചനാത്മക് കോൺഗ്രസ് ദേശീയ കൺവെൻഷനിലാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ വേദിയിൽവെച്ച് കെട്ടിപ്പിടിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വിദേശനയത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് വിചിത്രമായ ആശയങ്ങളാണുള്ളതെന്ന് പരിഹസിച്ചിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയാണെന്ന് വിചാരിച്ചാണോ തന്നെ കെട്ടിപ്പിടിക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് തമാശയായി ചോദിച്ചപ്പോൾ, താൻ ആ നിലയിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ വിദേശകാര്യ മന്ത്രാലയവും പ്രതികരണവുമായി രംഗത്തെത്തി. വിദേശ നേതാക്കളെയും രാജ്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. ഇറ്റലിയുമായി ഇന്ത്യയ്ക്ക് ശക്തവും സൗഹൃദപരവുമായ ബന്ധമാണുള്ളതെന്നും ഏതൊരു അഭിപ്രായപ്രകടനവും അർഹമായ ബഹുമാനത്തോടെ വേണം നടത്താനെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷിയും ബാൻസുരി സ്വരാജും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. പ്രധാനമന്ത്രിയെ അപമാനിക്കുന്നത് അദ്ദേഹത്തിന് വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. രാഹുലിന്റെ ഭാഷാപ്രയോഗം പ്രതിപക്ഷ നേതാവിൽനിന്ന് പ്രതീക്ഷിക്കുന്ന ഗൗരവത്തിന് വിരുദ്ധമാണെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് അഭിപ്രായപ്പെട്ടു. ബിജെപി വക്താവ് സഞ്ജു വർമ്മയും രാഹുലിന്റെ പരാമർശത്തെ ശക്തമായി അപലപിച്ചു.
അതേസമയം, രാഹുൽ ഗാന്ധി ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപണങ്ങളെ പ്രതിരോധിച്ചു. ഒരു സഹപ്രവർത്തകനെ കെട്ടിപ്പിടിക്കുന്നതിൽ തെറ്റില്ലെന്നും പ്രധാനമന്ത്രിയുടെ വിദേശനയ ശൈലിയെ മാത്രമാണ് രാഹുൽ ലക്ഷ്യംവെച്ചതെന്നും കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് പറഞ്ഞു.




