ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണം പ്രതിസന്ധിക്ക് മുൻപുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കാനാണ് തീരുമാനം.
ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിസന്ധി ഘട്ടത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതുമൂലം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
അതേസമയം, ബൾക്ക് എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങൾക്കും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഭാഗികമായി ഇളവ് നൽകി. പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സാഹചര്യം താരതമ്യേന ശാന്തമായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം. ഇതോടെ വാണിജ്യ മേഖലയിലെ പാചകവാതക ലഭ്യത സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.















































