ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യം ശക്തമാക്കി സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ധർമ്മേന്ദ്ര പ്രധാൻ തങ്ങളെ തീവ്രവാദികൾ എന്ന് വിളിച്ചതായി അഭിജീത് ദീപ്കെ ആരോപിച്ചു. അതിലെ വിരോധാഭമെന്തെന്നാൽ അയാളുടെ കൈകളിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത പതിനേഴ് വിദ്യാർത്ഥികളുടെ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും അഭിജീത് ദീപ്കെ വിമർശിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിജെപി പാർട്ടി തീവ്രവാദികളുടെ ബി ടീം ആണെന്ന് പ്രധാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദീപ്‌കെയുടെ വിമർശനം.
അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ 5 ദിവസമായി സിജെപി സമരം തുടരുകയാണ്. ഇന്നലെ ഡയപ്പർ വിതരണം നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഡയപ്പർ ഉപയോഗിച്ച് ലീക്ക് തടയുക എന്നതിന്റെ പ്രതീകാത്മകമായാണ് ഇത്തരമൊരു പ്രതിഷേധം എന്ന് ദീപ്‌കെ പറഞ്ഞു.
ശനിയാഴ്ച രാവിലെയായിരുന്നു സിജെപി ജന്തർ മന്തറിൽ ധർമെന്ദ്രയുടെ രാജി ആവശ്യപ്പെട്ട് രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പ്രതിഷേധത്തിന് അനുമതി നൽകണമെന്ന സിജെപി ആവശ്യം പോലീസ് നിഷേധിച്ചു. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും പോലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും അതിനുവേണ്ടി അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കുകയായിരുന്നു.















































