റിയാദ്: ഖത്തറിലെ റാസ് ലഫാൻ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെട്ടു. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശിയായ അർജുൻ (29) ആണ് മരിച്ചത്. പ്ലാന്റ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അർജുനിന്റെ മരണവിവരം കമ്പനി കുടുംബത്തെ അറിയിച്ചു.
അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് മരിച്ചത്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള വാതക വിതരണ കേന്ദ്രത്തിൽ ഉണ്ടായ വ്യവസായ അപകടത്തിലാണ് ദുരന്തം സംഭവിച്ചത്. 66 പേർക്ക് പരിക്കേറ്റതായും പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി സ്ഥിരീകരിച്ചു.
പരിക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ തൊഴിലാളികൾ ഉൾപ്പെടുന്നു. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ ഇറാന്റെ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ഊർജ്ജമന്ത്രി സാദ് അൽ കാബി പറഞ്ഞു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇയും ബഹ്‌റൈനും ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഈ പ്രതിസന്ധി ഘട്ടം ഫലപ്രദമായി നേരിടാനും തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തർ അധികൃതർക്ക് കഴിയുമെന്ന ആത്മവിശ്വാസം ബഹ്‌റൈൻ പ്രകടമാക്കി.















































