ലഹരി മൂത്ത് കിറുങ്ങി ഒരു വയസ്സിന് താഴെ പ്രായമുള്ള സ്വന്തം കുഞ്ഞിനെ മുകളിലേയ്ക്ക് എറിഞ്ഞ് യുമാവിന്റെ പ്രകടനം; മൂത്ത കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടുവരാൻ ഭാര്യ പോയ സമയത്ത് അഭ്യാസം; നാട്ടുകാരുടെ ഇടപെടലിൽ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു
മലപ്പുറം: ലഹരിക്ക് അടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിനെ അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇവിടെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന യുവാവാണ് കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
ഭാര്യ മൂത്ത കുട്ടികളെ സ്‌കൂളിൽ നിന്ന് കൊണ്ടുവരാൻ പോയ സമയത്താണ് സംഭവം നടന്നത്. ഈ സമയം യുവാവ് ഒരു വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുമായി ക്വാർട്ടേഴ്‌സിന് പുറത്തേക്ക് ഇറങ്ങി. പിന്നീട് കടുത്ത ലഹരിയുടെ സ്വാധീനത്തിൽ കുഞ്ഞിനെ വായുവിലേക്ക് ഉയർത്തി എറിഞ്ഞും വീണ്ടും പിടിച്ചുമുള്ള അപകടകരമായ രീതിയിൽ പെരുമാറുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ഇയാൾ പെരുമാറുന്നത് കണ്ടതോടെ സമീപവാസികൾ ഉടൻ ഇടപെട്ടു. അവർ യുവാവിനെ തടഞ്ഞുനിർത്തി കുഞ്ഞിനെ സുരക്ഷിതമായി കൈവശപ്പെടുത്തി. തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഈ സമയത്ത് പ്രദേശത്ത് വലിയ ജനക്കൂട്ടം കൂടി.
വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കും ബന്ധമുള്ള ആളാണെന്നാണ് നാട്ടുകാരുടെ ആരോപണം. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി സംശയമുണ്ട്.
മുമ്പും കുട്ടിയെ ഉപദ്രവിച്ച സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിൽ കേസുകൾ നിലനിന്നിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. നിലവിൽ കുട്ടി സുരക്ഷിതമായി വലിയമ്മയുടെ സംരക്ഷണത്തിലാണെന്നും വിവരമുണ്ട്.
സംഭവത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിനും തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.














































