മുംബൈ: സ്വത്തുതർക്കത്തെ തുടർന്ന് 82-കാരനായ പിതാവിനെ മകൻ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയും ജലവിഭവ വകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥനുമായ ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അബ്ദുൾ റഹ്‌മാൻ അബ്ദുൾ ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വത്തുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം ജാഫർ പട്ടേലിന് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പിതാവും മകനും തമ്മിൽ കഴിഞ്ഞ രണ്ടര വർഷമായി നിയമപോരാട്ടം തുടരുകയായിരുന്നു. മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന അബ്ദുൾ റഹ്‌മാൻ കുടുംബാംഗങ്ങളെ പതിവായി മർദിച്ചിരുന്നതായും പരാതിയുണ്ട്. മകന്റെ നിരന്തര ഉപദ്രവത്തെ തുടർന്നാണ് വീടിന്റെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കാൻ ജാഫർ പട്ടേൽ കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് അദ്ദേഹം പൂണെയിലെ മകളുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ജാഫർ പട്ടേലിന് അനുകൂലമായ കോടതി ഉത്തരവ് ലഭിച്ചത്. വീടിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് തിരിച്ചുനൽകാനും, ആവശ്യപ്പെട്ടാൽ മകനെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.
കോടതി ഉത്തരവിന്റെ പകർപ്പുമായി മകൾക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയ അബ്ദുൾ റഹ്‌മാൻ പിതാവിനെ പുറത്തേക്ക് വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം. ആക്രമണത്തിൽ ജാഫർ പട്ടേലിന്റെ മകൾക്കും പരിക്കേറ്റു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.















































