മലപ്പുറം: ഇത്തിരിയില്ലാത്ത കുഞ്ഞ് മുട്ടിലിഴഞ്ഞ് കുഞ്ഞ് നടുറോഡിലെത്തിയതറിയാതെ അപ്പൻ വീടിന്റെ മുറ്റത്തിരുന്ന് പത്രപാരായണത്തിൽ, കുരുന്നിന് രക്ഷകരായത് ബസ് ജീവനക്കാർ. മലപ്പുറം കൊണ്ടോട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിർത്തി ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ എട്ടരയോടെകൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിലാണ് സംഭവമുണ്ടായത്. നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും കണ്ടക്ടർ ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നൊരു സ്കൂട്ടി പാഞ്ഞുവരുന്നതും കാണാം.
റോഡിന് സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. ഈസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

















































