ജമ്മു: ജമ്മു കശ്മീരിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ ആക്രമണശ്രമം സുരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടു. മദ്യലഹരിയിലായിരുന്ന ഒരാൾ പിസ്റ്റളുമായി എത്തി ഫറൂഖിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്ത് തന്നെ പിടികൂടി അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കശ്മീരിലെ വിവാഹച്ചടങ്ങിൽ നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. അവരിൽ ഫറൂഖ് അബ്ദുള്ളയും സന്നിഹിതനായിരുന്നു. ഇതിനിടെ പിസ്റ്റളുമായി എത്തിയ ഒരാൾ അദ്ദേഹത്തിന്റെ അടുത്തെത്തി വെടിയുതിർക്കുകയായിരുന്നു. എന്നാൽ സുരക്ഷാ സംഘത്തിന്റെ വേഗത്തിലുള്ള ഇടപെടലിലൂടെ വെടിയുണ്ട ലക്ഷ്യത്തിലെത്താതെ മാറി. ഇതോടെ വലിയ ദുരന്തം ഒഴിവായി.
സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതിയെ പിടികൂടി പോലീസ് കസ്റ്റഡിയിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾ ആക്രമണം നടത്താൻ ബോധപൂർവം എത്തിയതാണോ, അതോ മദ്യലഹരിയിൽ നടത്തിയ പ്രവൃത്തിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. തന്റെ പിതാവിന് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടതായാണ് അദ്ദേഹം വ്യക്തമാക്കിയത്. “അല്ലാഹുവിന്റെ കരുണകൊണ്ട് എന്റെ പിതാവ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പരിമിതമാണ്. പിസ്റ്റളുമായി ഒരാൾ വളരെ അടുത്ത ദൂരത്തിൽ എത്തി വെടിയുതിർക്കാൻ ശ്രമിച്ചു. സുരക്ഷാ സംഘത്തിന്റെ ഇടപെടലാണ് ആക്രമണം പരാജയപ്പെടുത്തിയത്,” അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ കുറിച്ചു.
അതേസമയം Z+ സുരക്ഷയും ദേശീയ സുരക്ഷാ ഗാർഡിന്റെ സംരക്ഷണവും ലഭിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിക്ക് എങ്ങനെ എത്താൻ സാധിച്ചു എന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടായ വീഴ്ചകളെക്കുറിച്ചും അന്വേഷണം നടക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംഭവസമയത്ത് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി യും ചടങ്ങിൽ പങ്കെടുത്തിരുന്നു. വെടിവെപ്പിനിടെ അദ്ദേഹത്തിനും മറ്റ് അതിഥികൾക്കും യാതൊരു പരുക്കുമില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ പശ്ചാത്തലവും ആക്രമണത്തിന് പിന്നിലെ ഉദ്ദേശവും ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് പോലീസ് അന്വേഷണം തുടരുന്നത്.

















































