മുംബൈ: യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തു. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകൾ മുംബൈ തീരത്തുനിന്നാണ് പിടികൂടിയത്. സ്‌റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ മൂന്ന് കപ്പലുകളാണ് പിടിച്ചെടുത്തത്. ഇവയെ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്തേക്ക് മാറ്റി.
മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കപ്പലുകളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടയുകയായിരുന്നു. യു.എസ്. ഉപരോധം മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്ന കപ്പലുകളാണിതെന്നാണ് നിഗമനം. ഈ കപ്പലുകൾ പലപ്പോഴും തങ്ങളുടെ പേരും ഐഡന്റിറ്റിയും മാറ്റിയാണ് കടൽവഴി സഞ്ചരിക്കുക. കടലിൽവെച്ച് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റിനിറച്ച് എണ്ണയുടെ ഉറവിടം മറച്ചുവയ്ക്കാനാണ് ഇവർ ശ്രമിച്ചിരുന്നത്.
പിടിച്ചെടുത്ത കപ്പലുകളിൽ അൽ ജഫ്‌സിയ 2025-ൽ ഇറാനിൽനിന്ന് ജിബൂട്ടിയിലേക്ക് എണ്ണ കടത്തിയതായി രേഖകളുണ്ട്. ഇറാന്റെ പതാകയുള്ള കപ്പലാണ് സ്റ്റെല്ലാർ റൂബി. അസ്ഫാൽറ്റ് സ്റ്റാർ, പ്രധാനമായും ചൈനീസ് മേഖലയിലാണ് സർവീസ് നടത്തിയിരുന്നത്. അതേസമയം പിടിച്ചെടുത്ത കപ്പലുകൾക്കോ അതിലെ എണ്ണയ്‌ക്കോ തങ്ങളുമായി ബന്ധമില്ലെന്ന് ഇറാനിയൻ ദേശീയ എണ്ണ കമ്പനി വ്യക്തമാക്കി.
ഇന്ത്യൻ സമുദ്രാതിർത്തി നിയമവിരുദ്ധമായ ഇത്തരം ഇടപാടുകൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. സംഭവത്തെത്തുടർന്ന് മേഖലയിൽ നിരീക്ഷണം കടുപ്പിച്ചു. 55 കപ്പലുകളും പന്ത്രണ്ടോളം വിമാനങ്ങളും നിരീക്ഷണത്തിനായുണ്ട്.

















































