സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഉദ്ഘാടനത്തിന് മുൻപേ കൂറ്റൻ ജലസംഭരണിനിലംപൊത്തി. ഗെയ്പാഗ്ല ജലവിതരണ പദ്ധതിയുടെ ഭാഗമായി 21 കോടി രൂപ ചെലവഴിച്ച് നിർമിച്ച ജലസംഭരണിയാണ് ‘കപ്പാസിറ്റി ടെസ്റ്റി’നിടെ തകർന്നുവീണത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു.
സംസ്ഥാന സർക്കാരിന് ഗുരുതര നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നിർമ്മാണത്തിലെ അഴിമതിയും ഗുരുതര അശ്രദ്ധയും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൈപാഗ്ല ഗ്രൂപ്പ് വാട്ടർ സപ്ലൈ സ്‌കീമിന്റെ ഭാഗമായി 33 ഗ്രാമങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ₹21 കോടി ചെലവഴിച്ച് നിർമിച്ച 15 മീറ്റർ ഉയരമുള്ള ആർ.സി.സി ജലടാങ്കാണ് ജനുവരി 19ന് തകർന്നത്. ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനുമുമ്പ് ശേഷി പരിശോധനയ്ക്കായി ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പരിശോധനയ്ക്കിടെ ടാങ്കിൽ ചോർച്ച ആരംഭിക്കുകയും നിമിഷങ്ങൾക്കകം ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളമെത്തിയപ്പോഴേക്കും നിലംപൊത്തുകയും ചെയ്തു. അപകടത്തിൽ അംഗുരിബെൻ രാജുഭായ് ആഡ്, അഞ്ജലിബെൻ രാജുഭായ് ആഡ്, കാലിതാബെൻ അനിൽഭായ് വാഛ്ലിയ എന്നീ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു.
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വളഞ്ഞ ഇരുമ്പ് കമ്പികളും പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റും വ്യക്തമായിരുന്നു. നിർമാണത്തിൽ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതായാണ് നാട്ടുകാരുടെ ആരോപണം. തിങ്കളാഴ്ച എൻജിനീയർമാർ ജലസംഭരണിയുടെ ശേഷി പരിശോധന നടത്തി.
അതേസമയം 21 കോടി മുടക്കി നിർമിച്ച ജലസംഭരണി തകർന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതിനാലാണ് ജലസംഭരണി നിലംപൊത്തിയതെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാന സർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ ഐജി പ്രംവീർ സിങ്, എസ്പി രാജേഷ് ഗദിയ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ജയന്തി സൂപ്പർ കൺസ്ട്രക്ഷൻ കോൺട്രാക്ടർ ബാബുഭായ് അംബാലാൽ പട്ടേൽ(61), പാർട്ണർ ജാസ്മിൻഭായ് ബാബുഭായ് പട്ടേൽ(32), സൈറ്റ് എൻജിനീയർ ദവാൽഭായ് റത്തിലാൽ പട്ടേൽ(35), മാനേജ്‌മെന്റ് പാർട്ണർ ജയന്തിഭായ് അംബാലാൽ പട്ടേൽ(61), മാർസ് പ്ലാനിങ് ആൻഡ് എൻജിനീയറിങ് പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് ബാബുഭായ് മണിലാൽ പട്ടേൽ(63), സൈറ്റ് സൂപ്പർവൈസർ ജിഗർഭായ് പ്രജാപതി(34), ജലവിതരണ വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ അങ്കിതാഭായ് ഗരാസിയ(42), എന്നിവരാണ് അറസ്റ്റിലായത്. ജലവിതരണ വകുപ്പിലെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ ജയ് സോമാഭായ് ചൗധരിയും കേസിൽ പ്രതിയാണ്. ഇദ്ദേഹം ഒളിവിലാണ്. സംഭവവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തു.
In Surat, Gujarat, The water tank collapsed the very first time it was filled with water. It cost 21 crore. pic.twitter.com/RKAFQZslQP
— Believer (@PredatorVolk) January 20, 2026














































