ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്തുണയുമായി പാക്കിസ്ഥാൻ രംഗത്ത്. ഈ വിഷയത്തിൽ ഐസിസി നിർണായക തീരുമാനമെടുക്കാനിരിക്കേയാണ് പാക്കിസ്ഥാൻ നിലപാടറിയിച്ചത്. നേരത്തേ നടന്ന കൂടിക്കാഴ്ചകളിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങളെല്ലാം ഐസിസി തള്ളിയിരുന്നു. കൂടാതെ വിഷയത്തിൽ തീരുമാനമറിയിക്കാൻ ജനുവരി 21 വരെ ഐസിസി സമയവും നൽകിയിരുന്നു. അതിനുള്ളിൽ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തുമോയെന്ന കാര്യം ബിസിബി അറിയിക്കണം. അല്ലാത്തപക്ഷം സ്‌കോട്ട്‌ലൻഡിനെ പകരം കളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഈ വിഷയത്തിൽ ഐസിസിക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കത്തെഴുതിയതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിഷയത്തിൽ പിന്തുണ തേടി ബംഗ്ലാദേശ് പാക്കിസ്ഥാനെ സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് പിസിബി നിലപാട് വ്യക്തമാക്കി കത്തെഴുതിയത്. ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് ഒഴിവായാലും തങ്ങൾ ലോകകപ്പ് കളിക്കുമെന്നും പാക്കിസ്ഥാന് അത്തരമൊരു നിലപാടില്ലെന്നുമാണ് നേരത്തേ പിസിബിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്.
അതേസമയം ബംഗ്ലാദേശ് അടുത്തിടെ പുതിയ നിർദേശം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഐസിസി തള്ളുകയായിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ബി ഗ്രൂപ്പിലുള്ള അയർലൻഡിനെ സി ഗ്രൂപ്പിലേക്കു മാറ്റി തങ്ങളെ ബി ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. പ്രാഥമിക റൗണ്ടിൽ അയർലൻഡിന്റെ മത്സരങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത് കൊളംബോയിലാണ്. എന്നാൽ, തങ്ങളുടെ മത്സരവേദിയിൽ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനൽകിയതായി അയർലൻഡ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.
ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയുമായിരുന്നു.















































