കോഴിക്കോട്: മലബാറിലെ ജില്ലകളെ കുറിച്ചുള്ള വെള്ളാപ്പള്ളി, എ.കെ. ബാലൻ, മന്ത്രി സജി ചെറിയാൻ എന്നിവരുടെ വർഗീയ പരാമർശത്തിനെതിരെ പ്രതികരണവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. താൻ മതം പറഞ്ഞിട്ടുണ്ടെന്നും അത് സ്വന്തം മതത്തെ കുറിച്ചാണെന്നും കെ.എം. ഷാജി ഫേസ്ബുക്കിൽ കുറിച്ചു. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും മന്ത്രി സജി ചെറിയാനും പറഞ്ഞത് അപര മതവിദ്വേഷവും മതവെറിയുമാണെന്ന് കെ.എം. ഷാജി പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം വിട്ട് മതത്തിൽ കുതിര കയറാൻ വന്നപ്പോഴാണ് താൻ മതം പറഞ്ഞത്. മുസ് ലിം സമുദായത്തിന്‍റെ അവകാശങ്ങൾ അപഹരിക്കുന്ന ഇടത് സർക്കാറിനെതിരെ കോഴിക്കോട് കടപ്പുറത്ത് പരസ്യമായാണ് പ്രസംഗിച്ചത്.
സ്വന്തം മതം, ആ മതത്തിൽ വിശ്വസിക്കുന്ന ഒരു ജനവിഭാഗം, പ്രശ്നത്തിലാണ് എന്ന് പറയുന്നത് വർഗീയതയാണെന്ന് സി പി എം സൈബർ പോരാളികൾ പറഞ്ഞാൽ അത് സത്യം ആവില്ലല്ലോ. ഈ രാജ്യത്ത് ഒരാൾ താൻ വിശ്വസിക്കുന്ന മതം മാത്രം മതി എന്ന് പറയുന്നതോ, മറ്റു മതങ്ങളെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നതോ ആണ് വർഗീയത.
അത്തരത്തിൽ വർഗീയമായ ഒരു സ്റ്റേറ്റ്മെന്റ് പറയേണ്ടി വരുന്ന സമയത്ത് ഈ പണി ഞാൻ നിർത്തും. പത്ത് വോട്ടിന്, സി പി എം ഒപ്പം കൂട്ടിയ വർഗീയ സംഘടനകളെ തുറന്നെതിർത്തിട്ടുണ്ട്.
തീവ്രചിന്തയിലേക്ക് യുവാക്കൾ പോകരുത് എന്ന നിലക്ക് പ്രതിരോധം തീർക്കാൻ മുന്നിൽ നിന്നിട്ടുണ്ട്. അത് ആരുടെയും മതേതര സർട്ടിഫിക്കറ്റ് വാങ്ങി നിയമസഭയിലോ പാർലിമെന്റിലോ പോകാനല്ല. രാജ്യത്ത് ജീവിക്കുന്ന ഒരു പൗരന്റെ ഉത്തരവാദിത്തം നിർവഹിച്ചതാണ്.
അന്നൊക്കെ ഉഗ്രവിഷമുള്ള ഐറ്റങ്ങൾ മുന്നിൽ വന്നു നിന്ന് പത്തി വിടർത്തി പേടിപ്പിക്കാൻ നോക്കിയിട്ടുണ്ട്. ഈ മണ്ണിൽ ചവിട്ടി നിൽക്കാൻ അന്ന് പേടി തോന്നിയിട്ടില്ല. പിന്നല്ലേ,എ കെ ജി സെന്ററിൽ വിരിയെ ച്ചെടുത്ത നീർക്കോലി കുഞ്ഞുങ്ങളും തേളും പഴുതാരയും “കിണറ്റിലെ” തവളകളും!! സി.പി.എം കുറേ കാലം തന്നെ ആർ.എസ്.എസ് ആക്കാൻ നോക്കി. ഇപ്പോൾ ഐ.എസ് ആക്കാനുള്ള ശ്രമത്തിലാണ്. എ.കെ. ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വർഗീയതയുടെ നാറ്റം പോവില്ല.
അവർ പച്ചക്ക് ഇസ്‌ലാമോഫോബിയ പറയുകയാണ്. ബി ജെ പിക്ക് പഠിക്കുന്ന സി പി എമ്മിനും അതൊരു പ്രശ്നം അല്ലായിരിക്കാം.
ബി.ജെ.പിക്ക് ബദലാവാൻ നിങ്ങൾ വലിച്ചു വാരി ദേഹത്ത് തേച്ച മാലിന്യം മറ്റുള്ളവരുടെ കുപ്പായത്തിൽ കൂടി തേച്ചാൽ അത് അത്തർ ആവില്ലെന്നും എഫ്.ബി പോസ്റ്റിൽ കെ.എം. ഷാജി ചൂണ്ടിക്കാട്ടി.















































