തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭം തന്നെ കലുഷിതം. ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തിയതോടെ സഭയിൽ മുറുമുറുപ്പുകൾ ഉയർന്നു. പ്രസംഗശേഷം ഗവർണ്ണർ നിയമസഭയിൽ നിന്നിറങ്ങിയതിനു പിന്നാലെ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കലുകളും തിരുത്തലുകളും വരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ തിരുത്തിയതും വെട്ടിയതുമായ ഭാഗങ്ങൾ മുഖ്യമന്ത്രി വായിക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളാണ് ഗവർണർ തന്റെ പ്രസംഗത്തിൽനിന്ന് വെട്ടിമാറ്റിയത്. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്. മുമ്പ് ആരിഫ് മുഹമ്മദ്ഖാൻ ഗവർണറായിരിക്കുമ്പോൾ നയപ്രഖ്യാപനപ്രസംഗങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വിവാദങ്ങളും അനിശ്ചിതത്വവും ഉണ്ടാക്കിയിട്ടുണ്ട്.
‘ഗവർണർ നടത്തിയ നയപ്രസംഗത്തിൽ ചില കൂട്ടിച്ചേർക്കലകളും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ചില മാറ്റങ്ങൾ വരുത്തി. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ് വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനിൽക്കുന്നത്. സർക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവർണർ സഭയിൽ നടത്തേണ്ടത്’ മുഖ്യമന്ത്രി പറഞ്ഞു.
ഗവർണ്ണർ ഒഴിവാക്കിയ നയപ്രഖ്യാപന പ്രസംഗ ഭാഗങ്ങൾ മുഖ്യമന്ത്രി വായിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഗവർണ്ണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുക്കൊണ്ടിരിക്കുകയാണെ’ന്ന വാചകം ഗവർണർ ഒഴിവാക്കി.
‘സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും, അത് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്’എന്ന ഭാഗവും നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചില്ല. ‘നികുതി വിഹിതവും ധനകാര്യ കമ്മിഷൻ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണെന്നും ഔദാര്യമല്ലെന്നും ഈ ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കുമേലുള്ള ഏതൊരു സമ്മർദ്ദവും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണ്’ എന്ന വാചകം അതേ രീതിയിൽ വായിച്ചെങ്കിലും എന്റെ സർക്കാർ കരുതുന്നു എന്ന് കൂട്ടിച്ചേർത്താണ് ഗവർണർ വായിച്ചത് . മുഖ്യമന്ത്രി വിശദീകരിച്ചു.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ പരാമർശങ്ങളും വസ്തുതകളും വിട്ട്‌പോകുന്നതും വ്യതിചലിക്കുന്നതും ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് സ്പീക്കർ എ.എൻ. ഷസീറും വ്യക്തമാക്കി. സർക്കാരിന്റെ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവർണർ വായിക്കണം, മാറ്റം വരുത്താനുള്ള അവകാശം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അതേസമയം നയപ്രഖ്യാപനത്തിൽ പറഞ്ഞ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































