കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ കളത്തിലിറങ്ങുക പിവി അൻവർ തന്നെയെന്ന അഭ്യൂഹം ശക്തമാകുന്നു. ബീച്ചിൽ എത്തി ജനങ്ങളുമായി കുശലം പങ്കിടുന്ന വീഡിയോ പിവി അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ചതാടെയാണ് സംശയങ്ങൾക്ക് ബലം കൂടിയത്. കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടീം യുഡിഎഫ്, ബേപ്പൂർ എന്നീ ഹാഷ്ടാഗുകളും വീഡിയോയിൽ ആഡ് ചെയ്തിട്ടുണ്ട്.
അതേപോലെ നേരത്തെ അൻവറിനെ യുഡിഎഫിൻ്റെ ഭാഗമാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ളക്സുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവർ കോഴിക്കോട് ബേപ്പൂരിൽ മത്സരിക്കണമെന്ന നിർദേശം യുഡിഎഫ് നേതൃത്വം മുന്നോട്ട് വെച്ചതായി നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മണ്ഡലത്തിൽ സജീവമാകാൻ അൻവറിന് യുഡിഎഫ് നേതൃത്വം നിർദ്ദേശം നൽകിയെന്നും അതിനായി കോഴിക്കോട് ഡിസിസിയും അൻവറിന് മേൽ സമ്മർദം ചെലുത്തിയെന്നുമായിരുന്നു റിപ്പോർട്ടുകൾ.
കൂടാതെ ബേപ്പൂരിൽ മാത്രമല്ല കേരളത്തിൽ എവിടെയും മത്സരിക്കാൻ യോഗ്യതയും അർഹതയുമുള്ള നേതാവാണ് അൻവർ എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആര് മത്സരിച്ചാലും ബേപ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രിയും ബേപ്പൂരിലെ സിറ്റിംഗ് എംഎൽഎയുമായ മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു.
ബേപ്പൂരിൽ യുഡിഎഫിന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാം. ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും അവിടെ വിജയിക്കുകയെന്നായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് നേരത്തെ തന്നെ പിവി അൻവർ പറഞ്ഞിരുന്നു.
















































