ബെംഗളൂരു: സ്വകാര്യ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിനിയുടെ മരണത്തിൽ പ്രിൻസിപ്പലടക്കം ആറ് പ്രൊഫസർമാർക്കെതിരേ കേസെടുത്ത് പോലീസ്. മൂന്നാംവർഷ ബിഡിഎസ് വിദ്യാർഥിനി ബി. യശ്വസ്വിനി ജീവനൊടുക്കിയ സംഭവത്തിൽ, ആനേക്കൽ ബൊമ്മസാന്ദ്രയിലെ ഓക്‌സ്ഫോർഡ് ഡെന്റൽ കോളേജിലെ അധ്യാപകർക്കെതിരേയാണ് കേസെടുത്തത്. വിദ്യാർഥിനിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യശസ്വിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനവും നിറത്തെച്ചൊല്ലിയുള്ള പരിഹാസവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് യശ്വസ്വിനിയുടെ അമ്മ പരിമള നൽകിയ പരാതിയിൽ പറയുന്നു. രൂപഭംഗിയുടെ പേരിലും നിറത്തിന്റെ പേരിലും തുടർച്ചയായ അവഹേളനം നേരിട്ടു. ഇരുണ്ടനിറമുള്ള നിനക്ക് ഡോക്ടറാകാൻ അർഹതയുണ്ടോ എന്നുവരെ സഹപാഠികളുടെ മുന്നിൽവെച്ച് അധ്യാപകർ മകളോട് ചോദിച്ചതായും ഇവർ ആരോപിച്ചിരുന്നു.
അതേസമയം യശസ്വിനി എഴുതിയതായി പറയുന്ന ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. “ജീവിക്കാൻ ഞാൻ അർഹയല്ല. ക്ഷമിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. അമ്മേ, നന്ദി,” എന്നാണ് കുറിപ്പിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും പുറത്തുവന്നു. സെമിനാറിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോളേജ് പരിസരത്ത് ഇരുന്ന് യശസ്വിനി കരയുന്നതാണ് ദൃശ്യങ്ങളിൽ. സഹപാഠികൾ എടുത്ത ഈ വീഡിയോ അന്വേഷണത്തിൽ നിർണായക തെളിവായേക്കുമെന്നാണ് പോലീസ് പറയുന്നത്.
മാനസികമായി ഏറെതളർന്ന നിലയിലാണ് ദിവസവും മകൾ കോളേജ് വിട്ട് വീട്ടിലെത്തിയിരുന്നത്. അടുത്തിടെ കണ്ണിന് വേദനയായതിനാൽ കോളേജിലെ ഒരു സെമിനാറിൽ യശ്വസ്വിനിക്ക് പങ്കെടുക്കാനായില്ല. ഇതിന്റെ പേരിൽ അധ്യാപകർ അപമാനിച്ചെന്നും പരാതിയിലുണ്ട്. വിദ്യാർഥിനിയുടെ മാതാവിന്റെ ആരോപണങ്ങൾ കോളേജിലെ മറ്റുവിദ്യാർഥികളും ശരിവെച്ചതായും പോലീസ് പറഞ്ഞു.
സംഭവത്തിനു പിന്നാലെ ആരോപണവിധേയരായ ആറ് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ആനേക്കൽ ബൊമ്മസാന്ദ്രയിലെ ഓക്‌സ്ഫോർഡ് ഡെന്റൽ കോളേജിലെ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗത്തിലെ സീനിയർ ലക്ചറർമാരായ ആൻമോൾ റസ്ദാൻ, ഷബാന ബാനു, ഫയിക കൊൽകർ, ആൽബ ദിനേഷ്, റീഡർ ആർ. സിന്ധു, പ്രൊഫസർ സുഷ്മിനി ഹെഗ്ഡെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.















































