മാറനല്ലൂർ: പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ മാറനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മൂന്നു മണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ പോലീസ് സാന്നിധ്യത്തിൽ കാവിഹാരം ജീവനക്കാർ നീക്കി. ഇതോടെ സമരത്തിന് അവസാനമായി.
അതേസമയം കഴിഞ്ഞ തവണ ഇടതു ഭരണസമിതി അധികാരത്തിലേറിയപ്പോൾ പഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ ജീപ്പിൽ ചുവന്ന ഹാരം തൂക്കിയിരുന്നു. അന്നു ബിജെപി–കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ ഹാരം മാറ്റാൻ നിർബന്ധിതരായി. ഇക്കുറി ബിജെപി അധികാരമേറ്റതിനു പിന്നാലെ വാഹനത്തിൽ കാവി ഹാരം പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിച്ച ഇടത് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. പിന്നാലെയാണ് സെക്രട്ടറിയെ ഉപരോധിച്ചത്.
പഞ്ചായത്ത് വാഹനത്തിന്റെ കസ്റ്റോഡിയൻ സെക്രട്ടറി ആയതിനാൽ ഇടത് മുന്നണിയിലെ 8 അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ 3 മണിയോടെ ചേംബറിലെത്തി ഉപരോധിച്ചു. വൈകിട്ട് 6 മണിവരെ നീണ്ടു. പൊലീസെത്തി ചർച്ച നടത്തിയിട്ടും സമരക്കാർ പിന്തിരിഞ്ഞില്ല. തുടർന്ന് സെക്രട്ടറിയുടെ നിർദേശ പ്രകാരം ജീവനക്കാർ വാഹനത്തിലെ കാവിഹാരം അഴിച്ചു മാറ്റിയതിനുശേഷമാണ് സമരം അവസാനിച്ചത്.

















































