ലഖ്‌നൗ: അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്‌കോസി പരിക്രമ’ യാത്ര വഴിയിലും മാംസാഹാരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. കടകളിലും ഹോട്ടലുകളിലും മാംസാഹാരം വില്‍ക്കുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയ്ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം ഓൺലൈൻ മാംസോല്പ്പന്ന വില്പനയും വിലക്കി. ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്. നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും.
ക്ഷേത്ര പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ ‘ശുദ്ധി’ ലക്ഷ്യമാക്കിയാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പ്രദേശവാസികളുടെ നിരന്തര പരാതിയെത്തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയിലേയ്ക്ക് കടന്നിരിക്കുന്നന്നും അധികൃതർ വിശദീകരിക്കുന്നു. വിദേശികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ഓണ്‍ലൈന്‍ വഴി പ്രദേശത്തേക്ക് മാംസാഹാരം എത്തിക്കുന്നുണ്ടെന്നും ഇത് മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നുമുള്ള പരാതി വ്യാപകമാണ്. ഇതോടെയാണ് വിലക്ക് പൂര്‍ണ്ണമാക്കിയത്. പുതിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാന അസിസ്റ്റന്റ് ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.


















































