മുംബൈ: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം ഫ്ലാറ്റിനു മുകളില്‍ വീണ് തീപിടിച്ച സംഭവത്തിനു പിന്നാലെ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രണമില്ലാതെ പെരുമാറുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി ഡെയ്സി ഷാ രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണു നടി തന്റെ ദേഷ്യവും ആശങ്കയും പങ്കുവച്ചത്. കഴിഞ്ഞ ദിവസം ബാന്ദ്ര ഈസ്റ്റിലെ താമസസമുച്ചയത്തിന്റെ നാലാം നിലയിലായിരുന്നു അപകടം.
ആർക്കും പരുക്കുകളില്ല. വളർത്തുനായയുമായി രാത്രി വീടിനു പുറത്തിറങ്ങി നടക്കുന്നതിനിടെയാണ് അപകടം നടിയുടെ ശ്രദ്ധയിൽപെട്ടത്. ‘ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല. അതേസമയം, തിരഞ്ഞെടുപ്പു പ്രചാരണം നടത്തുമ്പോൾ പ്രവർത്തകർ സാമാന്യ മര്യാദ പാലിക്കണം. താമസസമുച്ചയങ്ങൾക്കു സമീപം പടക്കം പൊട്ടിക്കുന്നതു ശരിയായ രീതിയല്ല.
അതുണ്ടാക്കുന്ന അപകടം എത്രത്തോളം വലുതാണെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. റാലിക്കിടെ പടക്കം പൊട്ടിച്ചവർ അപകടം നടന്നയുടനെ കടന്നുകളഞ്ഞു. താമസക്കാരാണ് അതിന്റെ മുഴുവൻ ബുദ്ധിമുട്ടുകളും സഹിച്ചതെന്നും ഡെയ്സി പറഞ്ഞു.















































