സുൽത്താൻ ബത്തേരി: അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ നിർണായക നേതൃയോഗത്തിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സ്ഥാനാർഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകും. മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. നേരത്തെ അങ്ങനെ പറഞ്ഞിരുന്നു. ജനങ്ങൾ നിലപാട് പ്രഖ്യാപിച്ചതോടെ അത് നിന്നു. ഇനി പറയാതിരിക്കുകയാണ് നല്ലതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രം ആകും മാനദണ്ഡമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ കൂടുതൽ നേടാൻ കഴിയണം. യുവത്വത്തിൻ്റെ യഥാർത്ഥ പ്രതിഫലനം നൽകുന്ന ഫലമാണ് ഇക്കുറി റിസൾട്ടിൽ കണ്ടത്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കും. ഇനിയുള്ള നാല് മാസം വിശ്രമം ഇല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വർദ്ധിപ്പിക്കുകയാണ് സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ട് കെട്ട് നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പ് ആണ് ഇത്. സിപിഎമ്മും ബിജെപിയും എതിർക്കുന്നത് കോൺഗ്രസിനെയാണ്. ബിജെപിയും സിപിഎമ്മും ഒത്ത് കൂടിയാലും പ്രശ്നമില്ല എന്ന് സൂചിപ്പിക്കുന്ന വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. യുഡിഎഫ് വിജയം എൽഡിഎഫ് പ്രതീക്ഷകളെ തകർത്ത് കളഞ്ഞുവെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.















































