അറിയാത്ത ഇംഗ്ലീഷ് വലിയ വായിൽ പറഞ്ഞ് എയറിലാവുന്നതിൽ സഖാക്കളെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. 2025 അവസാനിക്കാറാവുമ്പോൾ രാജ്യസഭ എംപിയായ എഎ റഹീം ആണ് സഖാക്കളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാനായി അവതരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കർണാടക സർക്കാർ നടപടി തുടങ്ങിയപ്പോൾ അവിടെയെത്തി ആക്ഷൻ ഷോ ഇറക്കാൻ ശ്രമിച്ച റഹീമിന്റെ ഷോ പക്ഷേ കോമഡി ഷോ ആവുന്ന കാഴ്ചയാണ് കണ്ടത്. നമ്മൾ ഈ വീഡിയോയിൽ പറയാൻ പോകുന്നത് പക്ഷേ ഇവരുടെ ഇംഗ്ലീഷ് കഥകളല്ല, അതിലേക്കാൾ ഗൗരവതരമായ കപടമായ ഇരട്ടത്താപ്പിനെക്കുറിച്ചാണ്.
ആദ്യം നമുക്ക് റഹീം ഷോ ഇറക്കാൻ ചെന്ന ബെംഗളൂരുവിലെ സംഭവം ഒന്ന് പരിശോധിക്കാം. കെ റെയിലിന്റെ പേരിൽ ജനവാസമുള്ള വീടുകളുടെ അടുക്കളയിൽ വരെ മഞ്ഞക്കുറ്റി കൊണ്ടിട്ട കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ബുൾഡോസർ ജസ്റ്റീസ് എന്ന് വിശേഷിപ്പിച്ച ആ നടപടിയുടെ യാഥാർത്ഥ്യം എന്താണ്.
ബെംഗളൂരുവിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2025 ഡിസംബറിലെ കോഗിലു ലേഔട്ട്, യെലഹങ്ക എന്നീ പ്രദേശത്തെ ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട സംഭവങ്ങളെയാണ് യു പി യിലെ ബുൾഡോസർ രാജിന്റെ മറ്റൊരു രൂപമെന്ന് പറഞ്ഞ് ഇടതു പാർട്ടികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ അനധികൃതമായി നിർമിച്ച 200-ലധികം മാറ്റിട്ട് താമസിക്കുന്ന കുടിലുകൾ പൊളിച്ചുമാറ്റിയിരുന്നു. ഈ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ബംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് സർക്കാർ ഈ ഭൂമി കൈമാറിയിരുന്നു. നിലവിൽ നഗരത്തിലെ മാലിന്യങ്ങൾ സംസ്കാരിക്കുന്നതിനുള്ള മാലിന്യ നിർമാർജന സംവിധാനത്തിനായാണ് ഈ സ്ഥലം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഈ ഭൂമി സുരക്ഷിതമായ മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്തതുമാണ്.
തുടർന്ന് അതോറിറ്റി നിരവധി തവണ നോട്ടീസ് നൽകിയിട്ടും താമസക്കാർ മാറിയില്ല. അതിനാൽ നിയമപരമായി ഒഴിപ്പിക്കൽ അനിവാര്യമായി. ഇവിടെ താമസിച്ചിരുന്നവരിൽ കൂടുതൽ പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്, പ്രാദേശികരല്ല. അതുകൊണ്ട് തന്നെ താൽക്കാലികമായ ഷെഡുകളാണ് സ്ഥലം കൈയേറി അവിടെ നിർമിച്ചിരുന്നത്.
നിലവിൽ പൊളിച്ചു മാറ്റപ്പെട്ട ഷെഡുകളിൽ താമസിച്ചിരുന്നവർക്കായി താൽക്കാലിക താമസവും, ഭക്ഷണവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടിയന്തിരമായി ഒരുക്കാൻ സർക്കാർ അതോറിറ്റി കമ്മീഷണറോട് നിർദേശിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ എല്ലാ തരത്തിലും അടിതെറ്റി നിൽക്കുന്ന സി പി എം വീണുകിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി വളച്ചൊടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കേരളത്തിലെ പല പ്രശ്നങ്ങളിലും മൗനംപാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതും. അതിന്റെ തുടർച്ചയായാണ് വക്കീൽ കൂടിയായ എഎ റഹീം സംഭവ സ്ഥലത്ത് പോയതും അവിടുത്തെ ടിവി ചാനൽ അവതാരകനോട് തന്റെ ഇംഗ്ലീഷിലുള്ള പാണ്ഡിത്യം വെളിവാക്കിയതും. അവിടെയുണ്ടായിരുന്ന സാധാരണക്കാരോട് ഏത് ഭാഷയിൽ സംസാരിച്ചുവെന്നതും അവർ പറയുന്നത് റഹീമിനും റഹീം പറയുന്നത് അവർക്കും എത്രകണ്ട് മനസിലായിട്ടുണ്ടാവുമെന്നതും നിങ്ങൾ തന്നെ ചിന്തിക്കുക.
എന്തായാലും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇത് നിയമപരമായ നടപടിയാണെന്നും രാഷ്ട്രീയ പ്രചാരണത്തിനുള്ളതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, തടാകങ്ങൾ, ജലസംരക്ഷണ ഡ്രെയിനുകൾ എന്നിവയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2024- 2025 കാലയളവിൽ ഡോഡനെക്കുണ്ടി, വിഭൂതിപുര തുടങ്ങിയ നിരവധി തടാകങ്ങൾ ശുദ്ധീകരിക്കുകയും, കോടിക്കണക്കിന് രൂപയുടെ സർക്കാർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തിട്ടുള്ള കാര്യവും കർണാടക സർക്കാർ വിശദമാക്കിയിട്ടുണ്ട്.. ഇവയെല്ലാം പരിസ്ഥിതി സംരക്ഷണത്തിനും നഗര വികസനത്തിനുമായുള്ള നടപടികളുടെ ഭാഗമായി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി നടത്തുന്നതാണെന്നും ആ പ്രവർത്തനം തുടരുമെന്നും അതോടൊപ്പം പുനരധിവസിപ്പിക്കേണ്ടവർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
ഈ പറഞ്ഞ സംഭവമാണ് സഖാക്കൾ യോഗിയുടെ ബുൾഡോസർ ശിവകുമാർ ബെംഗളൂരുവിൽ ഇറക്കി എന്ന് പറഞ്ഞ് വളച്ചൊടിക്കാൻ ശ്രമിച്ചത്. എന്തായാലും കാര്യങ്ങൾ ഇത്രയായ നിലയ്ക്ക് സഖാക്കൾ നടത്തിയ ചില കാര്യങ്ങൾ കൂടി ഇതോടൊപ്പം ഓർമിപ്പിക്കേണ്ടതായുണ്ട്. അപ്പോഴാണ് ഇവരുടെ യഥാർത്ഥ കാപട്യം കൂടുതൽ വെളിവാകൂ.
ആദ്യം തന്നെ കേരളത്തിൽ നടന്ന രണ്ട് കുടിയൊഴിപ്പിക്കലുകളെ പറയാം. അധികം അകലെയൊന്നുമല്ല, നമ്മുടെ ഓർമകളിൽ നിന്ന് മായാറായിട്ടുമില്ല. ആദ്യത്തേത് ചെങ്ങറയിലെ കുടിയൊഴിപ്പിക്കലാണ്. കേരളത്തിലെ ഏറ്റവും ദീർഘകാല ഭൂ അവകാശ സമരമാണ് ചെങ്ങറയിലേത്. വി എസ് അച്യുതാനന്ദൻ സർക്കാർ ഭരിക്കുന്ന കാലത്ത് 2007 ഓഗസ്റ്റ് 4-നാണ് പത്തനംതിട്ടയിലെ ഹാരിസൺസ് എസ്റ്റേറ്റിൽ ഭൂരഹിതരായ ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങൾ കുടിൽകെട്ടി സമരം തുടങ്ങിയത് സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ ളാഹ ഗോപാലൻ മുന്നിൽ നിന്ന സമരത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു; 790 ദിവസം നീണ്ട സമരത്തിനു ശേഷം 1,738 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയും 50,000 രൂപയും എന്ന വാഗ്ദാനത്തിൽ 2009-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും. 18 വർഷങ്ങൾക്കിപ്പുറവും ഭൂമി വിതരണം ഇപ്പോഴും പൂർണമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നൽകിയ ഭൂമിയാകട്ടെ പലതും കൃഷിക്ക് അനുയോജ്യമല്ലാത്തതുമായിരുന്നു.
അടുത്തതായി എറണാകുളം ജില്ലയിലെ മൂലംപള്ളിയിലെ കുടിയിറക്കലായിരുന്നു. അതും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തായിരുന്നു. മൂലംപള്ളി ഭൂസമരം കേരളത്തിലെ വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പദ്ധതിക്കായി 2008-ൽ ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്തതോടെയാണ് ആരംഭിച്ചത്. മൂലംപള്ളി, മുളവുകാട് തുടങ്ങിയ ഏഴ് ഗ്രാമങ്ങളിൽ നിന്ന് 316 കുടുംബങ്ങൾക്ക് ലഭിച്ച് വീടുകൾ നഷ്ടപ്പെട്ടു. പകരം ഭൂമി, വീട്, ജോലി വാഗ്ദാനങ്ങൾ ലഭിച്ചില്ല. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് 2008-ൽ മൂലംപള്ളി പാക്കേജ് പ്രഖ്യാപിച്ചത്. 4.5-5.5 സെന്റ് ഭൂമി, ഒരു അംഗത്തിന് ജോലി, മാസ വാടക സഹായം എന്നിവയായിരുന്നു പാക്കേജിൽ ഉണ്ടായിരുന്നത്. എന്നാൽ 2025 വരെ 316-ൽ 54-ഓളം കുടുംബങ്ങൾക്ക് മാത്രമേ പുതിയ ഭൂമിയിൽ വീട് നിർമിച്ചു താമസിക്കാൻ കഴിഞ്ഞുള്ളൂ. ഭൂമി ചതുപ്പുനിലമായതിനാൽ നിർമാണം പ്രയാസകരമായിരുന്നു. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് തന്നെ ആ ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തി. ജോലി വാഗ്ദാനം നടപ്പാക്കിയില്ല. 34-ലധികം പേർ മരിച്ചു, പലരും മാനസിക-ശാരീരിക പ്രശ്നങ്ങൾ നേരിടുന്നു.
ഇനി ഇടതു ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനെക്കുറിച്ചാണ്. ഇന്ത്യയിൽ ഇടതു പക്ഷത്തിന്റെ വേരുകൾ തന്നെ പറിച്ചെറിഞ്ഞ പശ്ചിമ ബംഗാളിൽ തുടർഭരണവുമായി നിന്നിരുന്ന ഇടതു സർക്കാർ നടത്തിയ സിംഗൂർ – നന്ദിഗ്രാം കുടിയൊഴിക്കലുകൾ. കേരളത്തിൽ മൂലംപള്ളിയും ചെങ്ങറയും നടക്കുന്ന സമാന കാലത്താണ് ബെംഗളൂരുവിൽ ഈ സംഭവം നടക്കുന്നതും. ഇവ രണ്ടും കർഷകരിൽ നിന്നുള്ള ഭൂമി സ്വീകരണവുമായി ബന്ധപ്പെട്ടതായിരുന്നു.
ആദ്യം സിംഗൂർ സംഭവം പറയാം. 2006-ൽ റ്റാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാർ ഫാക്ടറിക്കായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ ഏകദേശം 997 ഏക്കർ കൃഷിഭൂമി സർക്കാർ നിർബന്ധപൂർവ്വം പിടിച്ചെടുത്തു. പല കർഷകരും സമ്മതിച്ചില്ല, വലിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി നയിച്ച പ്രതിഷേധം രൂക്ഷമായി. പക്ഷേ ആർക്കും കാര്യമായ നഷ്ടപരിഹാരം ലഭിച്ചില്ല.
ഇതോടൊപ്പം പറയേണ്ട മറ്റൊന്നാണ് നന്ദിഗ്രാം സംഭവം. 2007-ൽ പൂർവ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാമിൽ ഇന്തോനേഷ്യയിൽ നിന്നുള്ള സലിം ഗ്രൂപ്പിന്റെ കെമിക്കൽ ഹബ്ബിനായി 14,000 ഏക്കർ ഭൂമി സർക്കാർ പിടിച്ചെടുക്കാൻ ശ്രമിച്ചു. കർഷക പ്രതിഷേധം രൂക്ഷമായി. മാർച്ച് 14-ന് പോലീസ് വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. ഇടത് പാർട്ടി പ്രവർത്തകരും പോലീസും ചേർന്നാണ് ആക്രമണങ്ങൾ നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു.
കർഷകരെ സംരക്ഷിക്കുന്നവരായി അറിയപ്പെട്ട ഇടതുപക്ഷം, വ്യവസായവൽക്കരണത്തിന്റെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധപൂർവ്വം പിടിച്ചെടുക്കുകയും അക്രമം ഉപയോഗിച്ച് കർഷകരെ കൊല്ലുകയും ചെയ്തത് അവരുടെ ഗ്രാമീണ അടിത്തറയെ തന്നെ തകർത്തു. ഇതോടനുബന്ധിച്ച് മമതാ ബാനർജിയുടെ “മാ മാതി മാനുഷ്” എന്ന മുദ്രാവാക്യം ജനകീയമായി. 2011-ൽ ഇടതുപക്ഷത്തിന്റെ 34 വർഷത്തെ ഭരണം നഷ്ടപ്പെട്ടു. സിംഗൂർ-നന്ദിഗ്രാം സംഭവങ്ങൾ ഇടതുപക്ഷത്തിന്റെ ജനകീയ ഇമേജിനെ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനൊക്കെ നേതൃത്വം നൽകിയ പാർട്ടിയാണ് ഇപ്പോൾ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെ ബുൾഡോസർ രാജ് എന്ന് വിശേഷിപ്പിച്ച് പ്രതിഷേധിക്കാൻ മുറി ഇംഗ്ലീഷുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിലും ബംഗാളിലും ഭരണത്തിലിരിക്കെ സിപിഎം കുടിയിറക്കിയത് അനധികൃത കൈയേറ്റക്കാരെയല്ല, മറിച്ച് ആ ഭുമിയുടെ ഉടമസ്ഥരായിരുന്ന പാവങ്ങളെയായിരുന്നു എന്നതുകൂടി ഓർക്കേണ്ടതുണ്ട്. ഏറ്റവും ഒടുവിൽ കെ റെയിലിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ഇറങ്ങിയ മുഖ്യമന്ത്രിയുടെ കെ റെയിൽ വരും കേട്ടോ എന്ന ഡയലോഗ് മലയാളികളുടെ ഓർമയിൽ ഇപ്പോഴും മായാതെ തന്നെ ഉണ്ട്. ഇവരുടെ ഇരട്ടത്താപ്പും കപടമുഖവും പലവട്ടം വെളിപ്പെട്ടിട്ടും പിന്നെയും ഇത്തരം കുത്തിത്തിരിപ്പുകൾക്കായി ഇറങ്ങി എയറിലാവാൻ നമ്മളല്ലാതെ മറ്റാര് സഖാക്കളെ.
















































