തൃശ്ശൂർ: ‘സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കോടികളുടെ തട്ടിപ്പുനടത്തിയ സേവ് ബോക്സിൻറെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. അതുപോലെ ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ൽ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയിൽ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓൺലൈൻ ലേല ആപ്പാണിത്. പിന്നീട് 2023ലാണ് ആപ്പിൻറെ മറവിൽ നടന്ന കോടികളുടെ വൻ സാമ്പത്തിക തട്ടിപ്പിൻറെ ചുരുളഴിയുന്നത്. കേസിൽ സ്വാതിക് പോലീസിൻറെ പിടിയിലായി. പിന്നാലെ ഇഡിയും കേസെടുത്തു.
അതേസമയം സിനിമാതാരങ്ങളുമായി അടുത്ത പരിചയമുള്ള സ്വാതിക് ജയസൂര്യയെയാണ് സേവ് ബോക്സിൻറെ ബ്രാൻഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയും ജയസൂര്യയ്ക്ക് വാഗ്ദാനം ചെയ്തു. മറ്റ് പല സിനിമാ താരങ്ങളും ആപ്പിൻറെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിലടക്കം പ്രവർത്തിച്ചു. ഇതിലാണ് ഇഡി ജയസൂര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്വാതികിനും ജയസൂര്യക്കുമിടയിൽ നടന്ന പണമിടപാടുകളടക്കം പരിശോധിച്ച ശേഷമായിരുന്നു ഇടിയുടെ ചോദ്യം ചെയ്യൽ.
നേരത്തെ ഡിസംബർ 24നും ജയസൂര്യ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ഇന്ന് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയും മൊഴി നൽകാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത് സരിതയായിരുന്നു. സ്വാതിക്കിനെ ഇഡി നേരത്തെ ചോദ്യം ചെയ്തതായാണ് വിവരം. തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ജയസൂര്യയെ വീണ്ടും വിളിപ്പിക്കും.
















































