ചെന്നൈ: ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി. താൻ നിരപരാധിയാണെന്നും പോറ്റിയെ അറിയില്ലെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘാംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാൻ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ ഇതുവരെ ശബരിമലയിൽ വന്നിട്ടില്ലെന്ന് പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവർത്തിച്ചു.
‘എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോൺ ഉൾപ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകൾ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്‌ഐടിക്ക് മുന്നിൽ ഞാൻ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാൻ സാധാരണക്കാരനാണ്. പടിപടിയായാണ് വളർന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയിൽ ഇതുവരെ വന്നിട്ടില്ല. ഞാൻ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേർക്കും ഈ കേസുമായി ഒരു ബന്ധവുമില്ല’, ഡി മണി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമാണ് ദിണ്ടിഗലിൽ എത്തി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ഡി മണി പറഞ്ഞിരുന്നു. മാത്രവുമല്ല, താൻ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നുമായിരുന്നു എസ്‌ഐടിയോട് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ചോദ്യം ചെയ്തത് ഡി മണി തന്നെയാണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയെ ദൃശ്യങ്ങൾ കാണിച്ച് സ്ഥിരീകരിക്കുകയായിരുന്നു.
ഡി മണി ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാൾ പേര് മാറ്റി പറയുന്നതെന്നാണ് വിലയിരുത്തൽ. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ഡി മണിക്ക് എസ്ഐടി നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തി മൊഴി നൽകണമെന്നാണ് നിർദേശം. ജനുവരി നാലിനോ അഞ്ചിനോ ഹാജരാകണം. മണി ഡിസംബർ 30-ന് ഹാജരാകും.















































