പത്തനംതിട്ട: കോട്ടാങ്ങലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങൾ. എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കെ.വി. ശ്രീദേവി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാജിവെച്ചു. അഞ്ച് യുഡിഎഫ് അംഗങ്ങൾക്കൊപ്പം മൂന്ന് എസ്ഡിപിഐ അംഗങ്ങൾ കൂടി വോട്ട് ചെയ്തതോടെയാണ് ശ്രീദേവി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർഥി മായാദേവിക്ക് അഞ്ച് വോട്ടുകളും ലഭിച്ചു.
എസ്ഡിപിഐയുടെയോ, ബിജെപിയുടെയോ, എൽഡിഎഫിന്റെയോ പിന്തുണ സ്വീകരിച്ച് പഞ്ചായത്ത് ഭരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും നേതൃത്വം തീരുമാനിച്ച പ്രകാരം ടോസ് ഭാഗ്യം തുണയ്ക്കുകയാണെങ്കിൽ മാത്രമേ ഭരണം ഏറ്റെടുക്കൂ എന്നും അവർ പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണം നടത്തേണ്ടതില്ലെന്ന പാർട്ടി നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് തെരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ ശ്രീദേവി രാജിക്കത്ത് നൽകിയത്.
എന്നാൽ ബിജെപിയെ ഒരു കാരണവശാലും ഭരണത്തിൽ കൊണ്ടുവരരുത് എന്ന തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് കോൺഗ്രസിന് വോട്ട് ചെയ്തതെന്ന് എസ്ഡിപിഐ പ്രതിനിധി വ്യക്തമാക്കി. തങ്ങളുടെ പിന്തുണ സ്വീകരിച്ച് വിജയിച്ച ശേഷം രാജിവെക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടരുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി.
അതേസമയം മുൻപ് ഇടതുപക്ഷവും ഇതേ രീതിയിൽ എസ്ഡിപിഐ പിന്തുണയോടെ ഈ പഞ്ചായത്തിൽ ഭരണം നടത്തിയിട്ടുണ്ട്. മുന്നണികൾ നിലപാടിൽ ഉറച്ചുനിന്നാൽ പഞ്ചായത്ത് ഭരണം വീണ്ടും അനിശ്ചിതത്വത്തിലാകാനാണ് സാധ്യത. എന്നാൽ ചൊവ്വന്നൂരിലും എസ്‍ഡിപിഐ പിന്തുണയിലാണ് കോൺഗ്രസിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് ആറ്, യുഡിഎഫ് അഞ്ച്, എസ്ഡിപിഐ രണ്ട്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് സ്ഥാനാർഥിക്ക് ഏഴ് വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥിക്ക് ആറ് വോട്ടുകളുമാണ് ലഭിച്ചത്. ഒരു അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
അതുപോലെ പാങ്ങോട് പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിൽ യുഡിഎഫ് അധികാരത്തിലെത്തി. എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ വേണ്ടെന്ന നിലപാടിലായിരുന്നു ഇരുപാർട്ടികളും. എന്നാൽ എസ്ഡിപിഐ യുഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ യുഡിഎഫിന്റെ എസ്. ഗീത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം എസ്ഡിപിഐ പിന്തുണയിൽ കോൺഗ്രസ് പ്രദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്. പ്രദേശിക നേതാക്കൾ രണ്ട് തട്ടിലാണ്. ഒരു വിഭാഗം എസ്ഡിപിഐയുടെ പിന്തുണ വേണമെന്നും ഒരു വിഭാഗം പിന്തുണ വേണ്ടെന്നുമുള്ള നിലപാടിലാണിപ്പോൾ.


















































