തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിൽ എടുത്തത് ഏകാധിപതിയുടെ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് കേരളമാണെന്നും സ്റ്റാലിന്റെ റഷ്യയല്ല, ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണോ പ്രശ്‌നം. അങ്ങനെയെങ്കിൽ പ്രവർത്തകരോട് മുഖ്യമന്ത്രിയും പോറ്റിയും നിൽക്കുന്ന പടം സോഷ്യൽ മീഡിയയിൽ ഇടാൻ പറഞ്ഞിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
‘മിസ്റ്റർ പിണറായി വിജയൻ ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്? ഞങ്ങളെയാണോ? ഭരണം അവസാനിക്കാൻ പോകുമ്പോഴുള്ള അഹങ്കാരമാണിത്. പേടിപ്പിക്കാൻ വരേണ്ട, അങ്ങനെ യുഡിഎഫ് പിൻമാറില്ല. പിണറായി വിജയൻ കേരളത്തിന് അപമാനമാണ്. എന്തും ചെയ്യാമെന്ന ധാരണ വേണ്ട’- വിഡി സതീശൻ പറഞ്ഞു.
താൻ അടക്കമുള്ളവർ ഡാൻസ് കളിക്കുന്ന വീഡിയോയും ബോക്‌സിംഗ് ചെയ്യുന്ന വീഡിയോകളും എഐയിൽ സിപിഎം പ്രവർത്തകർ പ്രചരിപ്പിച്ചു. എന്നിട്ടു കേസെടുത്തോയെന്നും പോലീസ് നിങ്ങളുടെ തറവാട് സ്വത്താണോയെന്നും സിപിഎമ്മിനോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ പേടിപ്പിക്കലൊക്കെ കഴിയാറായല്ലോയെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് രാവിലെയാണ് സുബ്രഹ്‌മണ്യത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് 122 വകുപ്പ് പ്രകാരം ചേവായൂർ പോലീസായിരുന്നു സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്.


















































