ചെന്നൈ: കഴിവുണ്ടായിട്ടും ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെക്കാലം ഭാഗ്യം കൈവിട്ടെന്ന തോന്നൽ സഞ്ജു സാംസന്റെ കരിയർ നോക്കിയാൽ അതിലുടനീളം കാണുവാൻ സാധിക്കും. എന്നാൽ ടി20 ലോകകപ്പ് 2026 ടീം തിരഞ്ഞെടുപ്പോടെ ആ ചിത്രം അങ്ങുമാറുകയാണ്. ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ സഞ്ജുവിനെ തിരഞ്ഞെടുത്തത് അതിനുള്ള തുടക്കമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടെ, ഐപിഎൽ 2026 സീസണിൽ സഞ്ജുവിന് മറ്റൊരു വലിയ നേട്ടവും ലഭിക്കാനിടയുണ്ടെന്നാണ് സൂചന. ഫ്രാഞ്ചൈസിയോട് അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ടീമിന്റെ വൈസ് ക്യാപ്റ്റനായി 31കാരനായ സഞ്ജു സാംസനെ നിയമിക്കാൻ സാധ്യതയുണ്ട്. നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗായ്ക്വാഡ് തന്നെ ടീമിനെ നയിക്കും.
രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്കെയിലേക്കുള്ള സഞ്ജുവിന്റെ പ്രവേശനം തന്നെ ഐപിഎൽ ചരിത്രത്തിൽ ശ്രദ്ധേയമായിരുന്നു. രവീന്ദ്ര ജഡേജയും യുവ ഓൾറൗണ്ടർ സാം കരനും ഉൾപ്പെട്ട സ്വാപ്പ്-പ്ലസ്-കാഷ് ഇടപാടിലൂടെയാണ് സിഎസ്കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ സിഎസ്കെ ആദ്യമായി ഒരു ‘പ്രോപ്പർ ട്രേഡ്’ നടത്തുന്നതും ഇതോടെയായിരുന്നു. ഇതിന് മുമ്പ്, ഐപിഎൽ 2021ന് മുൻപ് റോബിൻ ഉത്തപ്പയെ ഉൾപ്പെടുത്തിയ കാഷ് ഡീൽ മാത്രമാണ് സിഎസ്കെ നടത്തിയ ഏക ട്രേഡ്.
ഐപിഎൽ 2026 ലേലത്തിലും സിഎസ്കെ വലിയ തന്ത്രപരമായ മാറ്റങ്ങൾ നടപ്പാക്കിയതോടെ, അടുത്ത സീസണിന് ശേഷം എംഎസ് ധോണിയുടെ വിരമിക്കൽ സംഭവിക്കാനുള്ള സാധ്യതകളും ശക്തമാകുകയാണ്. ഗായ്ക്വാഡിന്റെ ഡെപ്യൂട്ടിയായി സഞ്ജുവും, ടീമിൽ മൂന്ന് യഥാർത്ഥ വിക്കറ്റ് കീപ്പർമാരും ഉണ്ടെന്നത്, ആ നിർണായക ഘട്ടത്തിന് സിഎസ്കെ മാനേജ്മെന്റ് മുന്നൊരുക്കം നടത്തിയിരിക്കുന്നുവെന്ന സൂചനയായി കണക്കാക്കപ്പെടുന്നു.
ഐപിഎൽ 2026 ആരംഭിക്കാൻ ഇനിയും മൂന്ന് മാസം സമയം ശേഷിക്കുന്നതിനാൽ വൈസ് ക്യാപ്റ്റൻ നിയമനത്തിൽ ഔദ്യോഗിക പ്രഖ്യാപനം വൈകിയേക്കും. എന്നിരുന്നാലും, ടീം തന്ത്രപരമായും ബ്രാൻഡ് മൂല്യത്തിനും അനുയോജ്യമായ തീരുമാനമാണ് സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ധോണി വിരമിക്കുന്ന ദിവസം വന്നാൽ, സിഎസ്കെയുടെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ സഞ്ജു സാംസനാവും എന്നതിൽ യാതൊരു സംശയമില്ല.


















































