ഭുവനേശ്വർ: ഒഡീഷയിൽ അന്യസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള ജുവൽ ഷെയ്ഖ് എന്ന തൊഴിലാളിയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് പൗരന്മാരാണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചതെന്ന് പരിക്കേറ്റ മറ്റു തൊഴിലാളികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ജുവൽ ഷെയ്ഖും പശ്ചിമ ബംഗാളിൽ നിന്നുള്ള മറ്റ് തൊഴിലാളികളും സംബൽപുരിലെ അവരുടെ താമസസ്ഥലത്ത് ഭക്ഷണം തയ്യാറാക്കുകയായിരുന്നു. ആറ് പുരുഷന്മാരടങ്ങുന്ന സംഘം ഇവരെ സമീപിക്കുകയും ബീഡി ആവശ്യപ്പെടുകയും ചെയ്തു. തൊഴിലാളികൾ വിസമ്മതിച്ചപ്പോൾ ഇവരോട് അക്രമികൾ ആധാർ കാർഡ് ആവശ്യപ്പെട്ടു. ഇത് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. ജുവൽ ഷെയ്ഖിന്റെ തല ഇടിപ്പിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികൾ ഇപ്പോഴും ചികിത്സയിലാണ്.
ബീഡിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ഒഡീഷ പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അക്രമികൾ തങ്ങളെ ബംഗ്ലാദേശികളെന്ന് വിളിച്ചാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റ മസ്ഹർ ഖാൻ, നിസാമുദ്ദീൻ ഖാൻ എന്നീ തൊഴിലാളികൾ മൊഴി നൽകി. എന്നാൽ കൊല്ലപ്പെട്ടയാൾ ബംഗാളിയാണോ ബംഗ്ലാദേശിയാണോ എന്നതുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്ന് ഐജി ഹിമാൻഷു കുമാർ ലാൽ പറഞ്ഞു. തൊഴിലാളികൾ വർഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും പ്രതികളെ അവർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

















































