കൊച്ചി: ഉദയംപേരൂരിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് നടുറോഡിൽ വെച്ച് വെറുമൊരു ബ്ലേഡും സ്ട്രോയുമുപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിൽ, മൊബൈൽ ഫോൺ വെളിച്ചത്തിൽ നടത്തിയ ഈ സാഹസികമായ ഇടപെടൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതം തോന്നിയെന്ന് പറഞ്ഞ വി.ഡി. സതീശൻ, ഡോക്ടർമാരെ നേരിൽ വിളിച്ച് തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. “ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരിക എന്നത് മഹത്തായ കാര്യമാണ്. പ്രിയപ്പെട്ടവരെ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക?” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ ഡോക്ടർമാർ നൽകിയതെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ നാട്ടുകാരും പോലീസും നൽകിയ സഹായം എടുത്തുപറയേണ്ടതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
റോഡിൽ ചോരയിൽ കുളിച്ച്, ശ്വാസമെടുക്കാനാകാതെ പിടയുന്ന യുവാവ്… ചുറ്റും കൂടിനിൽക്കുന്നവരുടെ നിസ്സഹായത… ആശുപത്രിയിലെത്തിക്കാൻ പോലും സമയമില്ലാത്ത ആ നിമിഷം, അപ്പോഴാണ് എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയാ തോമസ് എന്നിവർ പള്ളിയിലേക്ക് പോകുന്ന വഴിക്കാണ് ഉദയംപേരൂരിൽ വെച്ച് അപകടം കാണുന്നത്. ഈ സമയം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. മനൂപും സ്ഥലത്തുണ്ടായിരുന്നു.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ശ്വാസനാളം അടഞ്ഞ് ‘റെസ്പിറേറ്ററി അറസ്റ്റ്’ എന്ന അവസ്ഥയിലായിരുന്നു ബൈക്ക് യാത്രക്കാരനായ ലിനീഷ്. ആ നിമിഷം ഡോക്ടർമാർക്കു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രി വരെ കാത്തിരുന്നാൽ ആ ജീവൻ നഷ്ടപ്പെടും. കയ്യിൽ സർജിക്കൽ ഉപകരണങ്ങളില്ല. നാട്ടുകാർ ഓടിപ്പോയി വാങ്ങിക്കൊടുത്ത ഒരു ഷേവിങ്ങ് ബ്ലേഡും, ഫ്രൂട്ടി കുടിക്കുന്ന സ്‌ട്രോയും മാത്രം.
നിമിഷനേരംകൊണ്ട് ആ റോഡരിക് ഒരു ഓപ്പറേഷൻ തീയറ്ററായി. റോഡരികിൽ വെച്ച് ബ്ലേഡ് കൊണ്ട് ശ്വാസനാളം തുറന്ന്, സ്‌ട്രോ അതിലേക്ക് കടത്തിവിട്ട് അവർ ആ യുവാവിന് ശ്വാസം നൽകി. നാട്ടുക്കാരും പോലീസും മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് വെളിച്ചം നൽകി കൂടെ നിന്നു.
തുടർ്നനു വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആ യുവാവിന്റെ ജീവൻ സുരക്ഷിതമായിരുന്നു.

















































