ഈരാറ്റുപേട്ട: ചോദ്യക്കടലാസിലെ സംശയം ചോദിച്ച വിദ്യാർഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. തോളെല്ലിനു പൊട്ടലുണ്ടായ 5–ാം ക്ലാസ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട കാരയ്ക്കാട് എംഎം എംയുഎം യുപി സ്കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കാട്ടാമല സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീറിനാണ് (10) പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ സന്തോഷ് എം.ജോസിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ചത്തെ പരീക്ഷയ്ക്കിടെ സംശയം ചോദിച്ച മിസ്ബാഹിന്റെ തോളിൽ അധ്യാപകൻ കൈകൊണ്ട് ഇടിക്കുകയായിരുന്നുവെന്നു പിതാവ് സക്കീർ പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി തോളിനു വേദനയാണെന്നും കൈ അനക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണു കുട്ടിയുടെ തോളെല്ലിന് പരുക്കുള്ളതായി കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തിനു ശേഷം കേസെടുക്കുമെന്ന് എസ്എച്ച്ഒ കെ.ജെ. തോമസ് പറഞ്ഞു. കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നു സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് പറഞ്ഞു.















































