ബെംഗളൂരു: മോഷ്ടിച്ച സ്വർണവും പണവും നിമിഷങ്ങൾ ആ കള്ളനിൽ നിന്ന് തട്ടിയെടുത്ത് നാലംഗ സംഘം. ബെംഗളൂരുവിലാണ് സിനിമാകഥയെ വെല്ലുന്ന ട്വിസ്റ്റ് നടന്നത്. തുടർച്ചയായി മൂന്നു വീടുകളിൽ കയറി 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും മോഷ്ടിച്ച കള്ളനിൽ നിന്ന് മിനിറ്റുകൾക്കകമാണ് മറ്റൊരു സംഘം അടിച്ചുമാറ്റുകയായിരുന്നു. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂർ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം.
മോഷണ മുതലുമായി പോകുമ്പോൾ മോഷ്ടാവിനെ നാല് പേർ തടഞ്ഞു നിർത്തി മർദ്ദിക്കുകയും പിന്നീട് സ്വർണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം മോഷ്ടാവ് മോഷണ മുതലിൽ പെടുന്ന ഒരു സ്വർണമാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായി. ഇയാളെ വിശദമായ ചോദ്യം ചെയ്യുന്നതിനിടെ സ്വർണമാല മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിക്കുകയും നടന്ന സംഭവങ്ങൾ പോലീസിനോട് പറയുകയും ചെയ്തു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാമത്തെ നാലംഗ മോഷണ സംഘത്തെ പിടികൂടി. ഇവരിൽ നിന്ന് 447 ഗ്രാം സ്വർണവും 28,000 രൂപയും ഇരുചക്ര വാഹനവും കണ്ടെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ മൂല്യം ആകെ 70 ലക്ഷം രൂപ വരുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം ശ്മശാനത്തിന് സമീപം കവർച്ച നടത്തിയ മോഷ്ടാവുമായി സംഘത്തിന് ബന്ധമില്ലെന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
















































