മുംബൈ: പലപ്പോഴും അന്തരിച്ചതായി വാർത്തകളിൽ നിറഞ്ഞ ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി.
ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്. ഏതാനും ആഴ്ചകൾ മുൻപ് ധർമേന്ദ്ര അന്തരിച്ചുവെന്ന് വാർത്തകൾ പുറത്തുവന്നുവെങ്കിലും മകൾ ഇത് നിഷേധിച്ച് രംഗത്തത്തിയിരുന്നു. അതേസമയം മരണം സ്ഥിരീകരിച്ച് കരൺ ജോഹർ ട്വീറ്റ് ചെയ്‍തു.അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ധർമ്മേന്ദ്രയുടെ വസതിയിലെത്തി.

















































