കോഴിക്കോട്: പന്തീരാങ്കാവിലെ സ്വർണക്കടയിൽ വ്യാഴാഴ്ച മോഷണ ശ്രമത്തിനിടെ പിടിയിലായ പൂവാട്ടുപറമ്പ് പരിയങ്ങാട് താടായിൽ മേലേ മേത്തലേടം സൗദാബി (47) മുൻ പഞ്ചായത്തംഗമായിരുന്നെന്ന് പോലീസ്. ഫറോക്ക് പഞ്ചായത്തിലെ മുൻ അംഗമായിരുന്നു ഇവർ. ഫറോക്ക് നഗരസഭയാകുന്നതിനു മുൻപാണ് ഇവർ ഇവിടെ പഞ്ചായത്ത് അംഗമായിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് സൗദാബി വസ്തുവകകൾ വിറ്റ് ഫറോക്കിൽ നിന്ന് മാറിയിരുന്നു.
അതേസമയം ചോദ്യം ചെയ്യലിനു ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ കോടതിയെ അറിയിച്ചു. തുടർന്നു സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ തുടങ്ങിയവ കൊണ്ടായിരുന്നു ഇവർ കഴിഞ്ഞ ദിവസം സ്വർണക്കടയിൽ മോഷണ ശ്രമം നടത്തിയത്. സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയിൽ വന്നതെന്ന് കടയുടമയുടെ മകൾ പോലീസിന് മൊഴി നൽകി.
മൂന്നു തവണ കടയിലെത്തിയ ശേഷം കൃത്യമായ മുന്നൊരുക്കങ്ങളോടെ കവർച്ചാശ്രമം നടത്തിയ സൗദാബിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് കരുതുന്നില്ല. വനിതാ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായ ഇവരെ കോടതി അനുമതി ലഭിച്ചാൽ പിന്നീട് ചോദ്യം ചെയ്ത് തുടർനടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കമെന്നാണ് അറിയുന്നത്.



















































