തിരുവനന്തപുരം: പക്ഷാഘാതം ബാധിച്ച് ബിഎൽഒ കുഴഞ്ഞുവീണു. കല്ലറ മഹാദേവർ പച്ച സ്വദേശിയും വാമനപുരം നിയോജകമണ്ഡലത്തിലെ 44-ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറുമായ ആർ. അനിലാണ് (50) തിങ്കളാഴ്ച വൈകീട്ട് കുഴുഞ്ഞുവീണത്. അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. ബിഎൽഒ ജോലിക്കിടെയുണ്ടായ കടുത്ത മാനസികസമ്മർദത്തിലാണ് അനിൽ അസുഖബാധിതനായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലാർക്കാണ് അനിൽ. പിതാവിന്റെ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടെനിന്ന് തുടർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പൂർണ ആരോഗ്യവാനായിരുന്ന ഇദ്ദേഹം ബിഎൽഒ ഡ്യൂട്ടിയിലായതിനുശേഷം പുലർച്ചെവരെ ജോലി ചെയ്തിരുന്നതായി വീട്ടുകാർ പറയുന്നു. അബോധാവസ്ഥയിലും ബിഎൽഒ ഡ്യൂട്ടിയെക്കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹത്തെ മാനസികമായി തളർത്തിയെന്ന് ഇതിൽനിന്നു മനസ്സിലാക്കാമെന്നും ബന്ധുക്കൾ പറഞ്ഞു.ഉന്നതാധികൃതർക്കു പരാതിനൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
















































