കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് 21 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ഒൻപതു വയസുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. വടകര എംഎസിടി(മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതി അദാലത്തിലാണ് കേസ് തീർപ്പാക്കി ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവ് നൽകിയത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് ദൃഷാനയുടെ കേസിൽ നിർണായകമായത്. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് വാഹനാപകടത്തെ തുടർന്നു കോമയിൽ കഴിയുന്ന ദൃഷാന. കേസിൽ ദൃഷാനയ്ക്കു വേണ്ടി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലെ അഡ്വ. ഫൗസിയ ഹാജരായി.
ദേശീയപാതയിൽ വടകര ചോറോട് വച്ച് 2024 ഫെബ്രുവരി 17 ന് രാത്രി ഒൻപതു മണിയോടെയാണ് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ വെള്ള കാർ ഇടിച്ചിട്ട് നിർത്താതെ പോയത്. ഗുരുതരമായി പരുക്കേറ്റ മുത്തശ്ശി, തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന പുത്തലത്ത് ബേബി (68) സംഭവസമയത്തേ മരിച്ചു. അപകടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും കോമ അവസ്ഥയിൽ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള വാർത്തയെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുന്ന ദൃഷാനയുടെ തുടർചികിത്സയ്ക്ക് മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.
ഇതിനിടെ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) കീഴിലുളള വിക്റ്റിംസ് റൈറ്റ്സ് സെന്റർ (വിആർസി) മുഖേന അടിയന്തര റിപ്പോർട്ട് തേടിയതോടെയാണ് ദൃഷാനയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാൻ വഴി തെളിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ കുട്ടിയുടെ അവസ്ഥ നേരിട്ട് കണ്ട് വിആർസി അംഗങ്ങൾ വിലയിരുത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. അതേസമയം ഇടിച്ചിട്ട കാർ കണ്ടെത്താനാകാത്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് അപകടമുണ്ടായി പത്തു മാസത്തിന് ശേഷം കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം കാർ കണ്ടെത്തുകയും വിദേശത്തേക്ക് പോയ പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷെജിലിനെ (36) നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഏഴു മാസമായിട്ടും ദൃഷാനയുടെ കുടുംബത്തിന് അപകട ഇൻഷുറൻസ് തുക ലഭിച്ചിരുന്നില്ല. അപകടമുണ്ടാകുമ്പോൾ ഷെജിലും ഭാര്യയും രണ്ടു കുട്ടികളും കാറിലുണ്ടായിരുന്നു. കേസിൽ ഷെജിലിന്റെ ഭാര്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷെജിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം പുറത്തു പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മാർച്ച് 14 ന് ഷെജിൽ വിദേശത്തേക്കു കടന്നു.
കോടതി നിർദേശത്തെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത പോലീസ് സംഘം അപകടം നടന്ന ചോറോടിന് 40 കിലോമീറ്റർ ചുറ്റളവിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അഞ്ഞൂറോളം സ്പെയർ പാർട്സ് ഷോപ്പുകളും 19,000 വാഹനങ്ങളും പരിശോധിച്ചു. അപകടം വരുത്തിയത് വെള്ള കാർ ആണെന്ന നിഗമനത്തിൽ ചോറോട്, കൈനാട്ടി പ്രദേശത്തെ ഓരോ വീട്ടിലും പോലീസ് നേരിട്ട് ചെന്ന് വെള്ള നിറത്തിലുള്ള എല്ലാ കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു.
ഇതിനിടെ ഒരു ഓട്ടോഡ്രൈവർ നൽകിയ വിവരത്തെ തുടർന്ന് കെഎൽ 18 സീരിസ് നമ്പറുകൾ പരിശോധിച്ചു. അങ്ങനെയാണ്, ഷെജിലിന്റെ ബന്ധുവീട് ചോറോട് മീത്തലങ്ങാടിയിൽ ഉള്ളതായും അപകടം നടന്ന സമയം രാത്രി 9.30ന് കാർ ആ വീട്ടിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയത്. ഇതിനിടെ, കാർ മതിലിൽ ഇടിച്ചതിന് ഫോട്ടോ തെളിവായി നൽകി 36,000 രൂപ ഇൻഷുറൻസ് ക്ലെയിം വാങ്ങിയിരുന്നു. കാറിന്റെ മുൻവശത്തെ ഗ്ലാസ്, ബംപർ എന്നിവ മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. അപകടം വരുത്തിയ വെള്ള കാർ അടുത്ത ജംക്‌ഷനായ കൈനാട്ടി കടന്നു പോയില്ലെന്നു സിസിടിവി പരിശോധിച്ചപ്പോൾ വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ, രാത്രി 11ന് ശേഷം കാർ കൈനാട്ടി ജംക്‌ഷൻ വഴി കടന്നു പോയതായും കണ്ടു.
കാറിനു കേടുപാട് പറ്റിയതിനാൽ അറ്റകുറ്റപ്പണിക്കുള്ള സാധ്യത കണക്കിലെടുത്താണ് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്പെയർ പാർട്സ് ഷോപ്പുകളിലും വർക്ക് ഷോപ്പുകളിലും പോലീസ് എത്തിയത്. ഒടുവിൽ, തൂണേരിക്ക് സമീപം വെള്ളൂരിലെ ഒരു വർക്ക് ഷോപ്പിലാണ് കാർ നന്നാക്കിയതെന്നു വ്യക്തമായി. വർക്ക് ഷോപ്പിൽ നിന്നു കാറിന്റെ ഭാഗങ്ങൾ പിന്നീട് കണ്ടെടുക്കുകയും ചെയ്തു.
കാർ രൂപമാറ്റം വരുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്തെന്ന വിവരമാണ് കാർ കണ്ടെത്താൻ വഴി തുറന്നത്. മാർച്ചിൽ തന്നെ കാർ രൂപമാറ്റം വരുത്തിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ഇൻഷുറൻസ് ക്ലെയിം ചെയ്തത് കാറിന്റെ ഉടമ ഷെജിൽ ആണെന്നു വ്യക്തമായതോടെ വീട്ടിൽ നിന്നു കാർ കസ്റ്റഡിയിൽ എടുത്തു. അപ്പോഴേക്കും ഷെജിൽ വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളായി പിന്നീട്. ലുക്ക് ഔട്ട് സർക്കുലർ പ്രകാരമാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു പുറമേ വ്യാജരേഖ ഉണ്ടാക്കി ഇൻഷുറൻസ് തുക തട്ടി എന്ന കേസും പ്രതിക്കെതിരെ നിലവിലുണ്ട്.















































