കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ എസ് എലിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണെന്നും സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും നിരീക്ഷിച്ചു.
കൂടാതെ വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു പെൺകുട്ടി മൽസരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നു ചോദിച്ച കോടതി സാങ്കേതിക കാരണങ്ങളാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നു മുന്നറിയിപ്പും നൽകി.
അതേസമയം കേസിൽ നാളെ വീണ്ടും ഹിയറിങ്ങ് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ പരിഗണിക്കണമെന്നും എതിർപ്പുണ്ടെങ്കിൽ ഹിയറിങ്ങിൽ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. രേഖകൾ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം കോടതി പരാമർശത്തിന് പിന്നാലെ വൈഷ്ണയ്ക്ക് പിന്തുണയുമായി യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ കെ എസ് ശബരീനാഥൻ രംഗത്തെത്തി. ധൈര്യമായി മുന്നോട്ടു പോകൂവെന്നും പാർട്ടിയുണ്ട് കൂടെയെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാർ നൽകിയ പരാതിയിലാണു വൈഷ്ണയുടെ വോട്ട് തള്ളിയത്. പരാതിയിൽ വൈഷ്ണയെ ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. തുടർന്നാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കോടതി വിധിക്കുമുമ്പ് തന്നെ പ്രചരണം തുടരാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. സ്ഥാനാർത്ഥിത്വം റദ്ദാക്കപ്പെട്ടാൽ ഡമ്മി സ്ഥാനാർത്ഥിയെ നിർത്താനും കോൺഗ്രസ് തയാറെടുത്തിരുന്നു. അപ്പീൽ തള്ളിയാൽ, നാമനിർദേശപത്രിക നൽകാനുള്ള അവസാനദിനം പകരം സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാനായിരുന്നു നീക്കം.
















































