ദോഹ: വരിക… ചറപറാന്ന് അടിച്ചുകൂട്ടുക… പോവുക… അപ്പോഴേക്കും സ്കോർ ബോർഡിൽ ചേർത്തത് 144 റൺസ്…സംഭവം വേറൊന്നുമല്ല ഏഷ്യ കപ്പ് ട്വന്റി20യിൽ വൈഭവ് സൂര്യവംശിയെന്ന 14 കാരന്റെ ക്രിക്കറ്റ് ഗ്രൗണ്ടിലെ കുരുത്തക്കേടുകളാണ് ഇത്… അതിനി ഫോർമാറ്റ് ഏതായാലും എതിരാളികളെ ബാറ്റുകൊണ്ട് ‘കടന്നാക്രമിക്കുന്ന’ വൈഭവിന്റെ ശീലത്തിന് ഒരു മാറ്റവുമില്ല.
ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യ എ ഓപ്പണറായി ഇറങ്ങിയ വൈഭവ് വെറും 32 പന്തിലാണ് സെഞ്ചുറി നേടിയത്. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് വൈഭവ് കുറിച്ചത്. അതുപോലെ 42 പന്തിൽ 144 റൺസെടുത്താണ് താരം പുറത്തായത്.
15 സിക്സറുകളും 11 ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു വൈഭവിന്റെ അസാമാന്യ ഇന്നിങ്സ്. നേരിട്ട, മൂന്നാം പന്തിൽ തന്നെ ഫോറടിച്ച തുടങ്ങിയോടെ വൈഭവ് യുഎഇ ബോളർമാർക്കും ഫീൽഡർമാർക്കും മാനത്തുനിന്ന് കണ്ണുപറിക്കാനെ നേരം കിട്ടിയില്ല എന്നുവേണമെങ്കിൽ പറയാം. പവർപ്ലേയിലെ അവസാന ഓവറിൽ, 17 പന്തിലാണ് വൈഭവ് അർധസെഞ്ചുറിയിലെത്തിയത്. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വൈഭവ് നൽകിയ ക്യാച്ച് കൈവിട്ടത് യുഎഇക്ക് തിരിച്ചടിയായി.
പവർപ്ലേയ്ക്കു പിന്നാലെ മുഹമ്മദ് ഫർസുദ്ദീനെ മൂന്നു സിക്സും രണ്ടു ഫോറും പറത്തിയ വൈഭവ്, ഏഴാം ഓവറിൽ ഇന്ത്യയെ 100 കടത്തി. പത്താം ഓവറിൽ, നേരിട്ട 32–ാം പന്തിലാണ് വൈഭവ് മൂന്നക്കം കടന്നത്. 2018ൽ ഹിമാചൽ പ്രദേശിനെതിരെ 32 പന്തിൽ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി വൈഭവ്. 28 പന്തുകളിൽനിന്ന് സെഞ്ചുറി നേടിയ ഉർവിൽ പട്ടേലും അഭിഷേക് ശർമയുമാണ് ട്വന്റി20യിൽ വേഗതയേറിയ സെഞ്ചുറി നേടിയ ഇന്ത്യക്കാർ. ഈ ഫോമിൽ പോവുകയാണെങ്കിൽ അധികം താമസിക്കാതെ ആ റെക്കോർഡുകൾക്ക് സ്ഥാനചലനം സംഭവിക്കുമെന്ന് ഉറപ്പ്.
ഈ വർഷമാദ്യം, ഐപിഎലിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയിരുന്നു. സെഞ്ചുറിക്കു ശേഷവും ‘അടി’ തുടർന്ന വൈഭവ്, 13–ാം ഓവറിലാണ് പുറത്തായത്. അപ്പോഴേയ്ക്കും ഇന്ത്യയുടെ സ്കോർ 195 റൺസിലെത്തിയിരുന്നു.
Vaibhav Sooryavanshi is putting on a fireworks show 🎇
Watch #INDvUAE in the #DPWorldAsiaCupRisingStars2025, LIVE NOW on Sony Sports Network TV channels & Sony LIV. #SonySportsNetwork #SonyLIV pic.twitter.com/1gNEz5UwHb
— Sony Sports Network (@SonySportsNetwk) November 14, 2025
















































