ഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെയായിരുന്നെന്ന് ഡിഎൻഎയിൽ സ്ഥിരീകരണം. ഉമർ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉമർ നബിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുൽവാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകൾ ശേഖരിച്ചിരുന്നു.
കൂടാതെ ഉമറിനു ഫരീദാബാദ്, ലഖ്‌നൗ, തെക്കൻ കശ്മീർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഗ്രൂപ്പിൽ ഒമ്പത് മുതൽ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതിൽ ആറോളം പേർ ഡോക്ടർമാരാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഡോക്ടർമാരെ ലക്ഷ്യമിട്ടാണ് ജെയ്ഷയുടെ പ്രവർത്തനം മുഴുവനെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരികയാണ്.
അതേസമയം സ്‌ഫോടനം നടന്ന തലേന്ന് മുതൽ ഉമറിനെ കാണാതായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഉമർ തന്റെ കയ്യിലുള്ള അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് ദൗജ് ഗ്രാമത്തിന് സമീപം ഒളിവിൽ പോയതാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മാത്രവുമല്ല, കഴിഞ്ഞ മാസം 30 മുതൽ ഉമർ നബി സർവകലാശാല ചുമതലകളും ഒഴിവാക്കിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉമർ ഒരു ശാന്ത സ്വഭാവക്കാരനാണെന്നും അന്തർമുഖനാണെന്നും ഒരുപാട് നേരം വായിക്കുന്നവനുമാണെന്നാണ് ഉമറിന്റെ ബന്ധുക്കൾ പ്രതികരിക്കുന്നത്. അപൂർവമായി മാത്രമേ ഉമർ പുറത്ത് പോകാറുള്ളുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമറിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാൾ ഫരീദാബാദിനും ഡൽഹിക്കും ഇടയിൽ നിരവധി തവണ യാത്ര ചെയ്‌തെന്നും രാംലീല മൈതാനത്തിന്റെയും സുൻഹെരി മസ്ജിദിന്റെയും ഇടയിലുള്ള പള്ളികൾ സന്ദർശിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അതുപോലെ ഫരീദാബാദിൽ നിന്നും ഉമറിന്റെ പേരിലുള്ള ഒരു ചുവന്ന ഫോർഡ് കാർ അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്. ഉമറിന്റെ പേരിലുള്ള ഡൽഹിയിലെ വിലാസം വ്യാജമാണെന്നും പോലീസ് കണ്ടെത്തി. ഉമർ നബിയും സ്‌ഫോടനത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്ത ഡോ. മുസമ്മിൽ ഗനിയയും തുർക്കിയിലേക്ക് സഞ്ചരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചില ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർന്നതിന് പിന്നാലെയാണ് ഉമർ നബിയും മുസമിലും തുർക്കിയിലേക്ക് പോയത്. തുർക്കി സന്ദർശനത്തിന് ശേഷം ഇന്ത്യയിലുട നീളം ലക്ഷ്യമിട്ട പ്രദേശങ്ങളിൽ സ്‌ഫോടനം നടത്താൻ ഒരു ഹാൻഡ്‌ലർ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഉമർ ദീപാവലിക്ക് സ്‌ഫോടനം നടത്താൻ തീരുമാനിച്ചെന്നും എന്നാൽ അത് പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തെക്കൻ കശ്മീരിലടക്കം പൊലീസ് വ്യാപകമായ റെയ്ഡുകൾ നടത്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരുടെ വീടുകളും റെയ്ഡ് ചെയ്തു. ഇവിടെ നിന്നും മൗലവി ഇർഫാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

















































