കൊച്ചി∙ തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്ന് അപകടം. 1.35 കോടി ലീറ്റർ ശേഷിയുള്ള വാട്ടർ അതോറ്റിയുടെ ടാങ്കാണ് പുലർച്ചെ മൂന്നു മണിയോടെ തകർന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നഗരത്തിൽ ജലവിതരണം മുടങ്ങും.
അപകടത്തിൽ ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളിൽ വെളളം കയറി. വെള്ളത്തിൽ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. കോർപറേഷൻ 45–ാം ഡിവിഷനിലെ ജലസംഭരണിയാണ് തകർന്നത്. തകർന്ന ടാങ്കിന് 40 വർഷത്തിലേറെ പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലീറ്റർ വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതിൽ ഒരു ക്യാബിനിൻറെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്നു പോയത്. പുലർച്ചെയായതിനാൽ ആളുകൾ അറിയാൻ വൈകിയതിനാൽ ദുരിതം ഇരട്ടിയാക്കി.
അതേസമയം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. കൊച്ചി നഗരത്തിൻറെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണ് തകർന്നത്. പുത്തുപാടി ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വെള്ളം കയറിയതായി വാർഡ് കൗൺസിലർ പറഞ്ഞു.


















































