ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായെന്ന് സൂചന. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചെന്നൈ താരങ്ങളായ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർക്കു പകരമായാണ് സഞ്ജു ടീമിലേക്ക് എത്തുന്നതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി ക്രിക്കറ്റ് ലോകത്ത് കറങ്ങുന്ന അഭ്യൂഹമാണ് ഈ താരകൈമാറ്റം. ഇരു ഫ്രാഞ്ചൈസികളും ഇതുവരെ ട്രാൻസ്ഫർ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചതായി സ്പോർട്സ് മാധ്യമമായ ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോ വ്യക്തമാക്കി.
അതേസമയം ട്രേഡിങ് പൂർത്തിയാകണമെങ്കിൽ സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടക്കേണ്ടതുണ്ട്. ട്രേഡിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളുടെയും പേര് ഉൾപ്പെടുത്തി രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ഐപിഎൽ ഗവേണിങ് കൗൺസിലിന് താൽപ്പര്യ പത്രം അയയ്ക്കണം. ട്രേഡിങ് നിയമങ്ങൾ അനുസരിച്ച്, താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചുകഴിഞ്ഞാൽ, ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ നടത്താം. അക്കാര്യവും ഗവേണിങ് കൗൺസിൽ അംഗീകരിക്കണം, അങ്ങനെ പല കടമ്പകളും ബാക്കിയുണ്ട്.
സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലായിരുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ചോദിച്ചിരുന്നതെന്നായിരുന്നു വിവരം. ഇതിനിടെ, ട്രേഡിങ്ങിന് ജഡേജയ്ക്കു താൽപര്യമില്ലെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജഡേജയും സാം കറനും രാജസ്ഥാനിലേക്കു പോകുമെന്നും പകരം സഞ്ജു ചെന്നൈയിലെത്തുമെന്ന വിവരവും പുറത്തുവരുന്നത്.
ഇതിനിടെ പുറത്തുവന്ന റിപ്പോർട്ടുകൾക്ക് ശക്തി പകർന്ന്, സഞ്ജുവിന്റെ സുഹൃത്തും ഫിറ്റ്‌നെസ് ട്രെയ്‌നറുമായ രാജമണി പ്രഭു, ചെന്നൈ മുൻ താരമായ ആർ.അശ്വിൻ എന്നിവർ സഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സിഎസ്‌കെയുടെ ലോഗോയായ ‘സിംഹത്തിന്റെ തല’ ക്യാപ്ഷനായി നൽകിയാണ് രാജമണിയുടെ പോസ്റ്റ്. ഇതോടെ സഞ്ജു ചെന്നൈ ടീമിലെത്തുമെന്ന് ആരാധകർ ഉറപ്പിച്ചു. മുൻപ് സഞ്ജുവിനൊപ്പം നടത്തിയ അഭിമുഖത്തിൽ നിന്നുള്ള വീഡിയോ ദൃശ്യമാണ് അശ്വിൻ പങ്കുവച്ചത്. ചെന്നൈയിൽ ടീമിൽ വരുന്നതിനെക്കുറിച്ച് അതിൽ സഞ്ജു പറയുന്നുമുണ്ട്.
അതേസമയം 2025ലെ മെഗാ ലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെയും ജഡേജയെയും യഥാക്രമം രാജസ്ഥാനം ചെന്നൈയും നിലനിർത്തിയത്. പരുക്കിനെ തുടർന്നു കഴിഞ്ഞ സീസണിൽ സഞ്ജുവിന് എല്ലാ മത്സരങ്ങളും കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിന്റെ പ്രകടവും മോശമായതോടെ സഞ്ജു, ഫ്രാഞ്ചൈസി വിടുമെന്ന് നേരത്തെ തൊട്ട് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആദ്യം ചെന്നൈയിലെത്തുമെന്ന് തന്നെയായിരുന്നു സൂചനയെങ്കിലും പിന്നീട് ഡൽഹി ക്യാപ്റ്റിൽസും സഞ്ജുവിനു വേണ്ടി സജീവമായി രംഗത്തെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായി ചേർത്തും അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ചെന്നൈ തന്നെ വീണ്ടും സഞ്ജുവിനായി എത്തുകയായിരുന്നു.
2012ലാണ് ജഡേജ ചെന്നൈ ടീമിലെത്തിയത്. സിഎസ്‌കെയുടെ അഞ്ച് കിരീട വിജയങ്ങളിൽ മൂന്നിലും അദ്ദേഹം ഭാഗമായിരുന്നു. 2008ൽ പ്രഥമ ഐപിഎൽ കിരീടം നേടിയ രാജസ്ഥാൻ ടീമിലും അന്ന് 19 വയസുകാരനായ ജഡേജയുണ്ടായിരുന്നു. തൊട്ടടുത്ത സീസണിലും രാജസ്ഥാനിൽ കളിച്ച ജഡേജ, 2010ൽ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തു. കരാർ ലംഘനം നടത്തിയതിനു താരത്തിനെതിരെ റോയൽസ് ബിസിസിഐയെ സമീപിച്ചു. തുടർന്ന് ഐപിഎൽ കളിക്കുന്നതിന് താരത്തെ ഒരു വർഷത്തേയ്ക്കു വിലക്കി.
തുടർന്ന് 2011 സീസണിൽ കൊച്ചി ടസ്‌കേഴ്സിലെത്തിയ ജഡേജ, 2012 മുതൽ ചെന്നൈയിലാണ്. ടീം വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഗുജറാത്ത് ലയൺസിലായിരുന്നു. 2022 സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നു പാതിവഴിയിൽ നായകസ്ഥാനം ഒഴിഞ്ഞു.
അതേസമയം 2013ലാണ് സഞ്ജു സാംസൺ, രാജസ്ഥാനിലെത്തുന്നത്. മികച്ച പ്രകടനം നടത്തിയതോടെ 2014ൽ സഞ്ജുവിനെ ടീമിൽ നിലനിർത്തി. രാജസ്ഥാൻ വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഡൽഹിക്കായി കളിച്ചെങ്കിലും 2018 സീസണിൽ ലേലത്തിലൂടെ വീണ്ടും രാജസ്ഥാനിലെത്തി. 2021ലാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിക്കുന്നത്. 2022ൽ രാജസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു. 2024ൽ, രാജസ്ഥാൻ വീണ്ടും പ്ലേഓഫിൽ എത്തിയപ്പോൾ, സഞ്ജു ആദ്യമായി ഐപിഎൽ സീസണിൽ 500 റൺസിലധികം നേടുകയും ചെയ്തു. 2025 മെഗാ ലേലത്തിന് മുൻപ് 18 കോടിക്ക് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തുകയായിരുന്നു.


















































