തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്‌കൃതവിഭാഗം മേധാവി ജാതീയമായി അധിക്ഷേപിച്ചെന്നു കാണിച്ച് പോലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി വിപിൻ വിജയൻ. ഡോ.സി.എൻ. വിജയകുമാരിക്കെതിരെയാണ് ഗവേഷക വിദ്യാർഥി പരാതി നൽകിയത്. സംസ്‌കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്‌കൃതത്തിൽ പിഎച്ച്ഡി നൽകരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സി.എൻ. വിജയകുമാരി കത്ത് നൽകിയ സംഭവത്തിൽ കടുത്ത ജാതി വിവേചനത്തിനാണ് താൻ ഇരയാക്കാപ്പെട്ടതെന്നു വിപിൻ വിജയൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈസ് ചാൻസലർക്കും കഴക്കൂട്ടം എസ്പിക്കും വിപിൻ പരാതി നൽകിയത്.
താൻ കാര്യവട്ടം ക്യാംപസിൽ എംഫിൽ പഠിക്കുമ്പോൾ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് വിപിന്റെ പരാതിയിൽ പറയുന്നു. പുലയന്മാർ സംസ്‌കൃതം പഠിക്കണ്ട എന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും ടീച്ചർ പറഞ്ഞു. വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല എന്നും പറഞ്ഞു അധിക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നു.
അതുപോലെ തന്റെ പ്രബന്ധത്തിന് ഗവേഷണ ബിരുദത്തിന് വിസി നിയമിച്ച വിഷയവിദഗ്ധർ ശുപാർശ ചെയ്തിട്ടും ഗവേഷണബിരുദം നൽകരുതെന്ന് വിജയകുമാരി നിയമവിരുദ്ധമായി ശുപാർശ ചെയ്യുകയായിരുന്നുവെന്നും വിപിൻ പരാതിയിൽ പറയുന്നു. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. അതേസമയം, കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം നിർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ഒരിക്കലും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിത്. ഒരു കുട്ടിയോടും അധ്യാപകർ ഈ നിലയിൽ പെരുമാറാൻ പാടില്ല. രണ്ടു ദിവസം മുൻപാണ് വിദ്യാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തും. സർവകലാശാലയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് പക്വതയും മാന്യതയും അന്തസും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു


















































