കയ്റോ: സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ചെടുക്കുന്നതിനിടെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) നടത്തിയതു കൊടിയ ക്രൂരതകളെന്ന് വെളിപ്പെടുത്തൽ. പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്ത ആർഎസ്എഫ് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. നഗരംവിട്ടു പലായനം ചെയ്തവരുടെ സാക്ഷിമൊഴികളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. മാത്രമല്ല തെരുവുകളിൽ നിറയെ ശവശരീരങ്ങളാണെന്നും അവർ പറയുന്നു. ആർഎസ്എഫ് നൂറുകണക്കിനു പേരെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന് യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫിസ് പറയുന്നു.
ആർഎസ്എഫ് ചെയ്യുന്നത് കൊടിയ യുദ്ധക്കുറ്റമാണ്, ഈജിപ്തിലെ സുഡാൻ അംബാസഡർ ഇമാദെൽദിൻ മുസ്തഫ അദാവി പറഞ്ഞു. സുഡാനിലെ സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് പ്രസിഡന്റ് മിർജാന സ്പോൽജാറികും പറഞ്ഞു. എൽ ഫാഷറിൽനിന്ന് പതിനായിരങ്ങൾ പലായനം ചെയ്തു. ആഹാരമോ വെള്ളമോ വൈദ്യസഹായമോ ഇല്ലാതെ പതിനായിരങ്ങൾ കുടുങ്ങിക്കിടക്കുന്നതായും മിർജാന വ്യക്തമാക്കി. ആർഎസ്എഫ് നൂറുകണക്കിനു പേരെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന് യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫിസ് പറയുന്നു. അതേസമയം, സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് ആർഎസ്എഫ് അവകാശപ്പെടുന്നു.
			







































                                


							






