കൊച്ചി: കേരളത്തെ ലോകത്തിനു മുന്നിൽ ഒരു സമ്പൂർണ്ണ ഹെൽത്ത് കെയർ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കേരള സംഘടിപ്പിക്കുന്ന ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് & എക്‌സ്‌പോയും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം – അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും 2025 ഒക്ടോബർ 30, 31 തീയതികളിൽ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
30 ന് രാവിലെ 9.30 മണിക്ക് നടക്കുന്ന ഉദ്ഘാടനം സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് മുഖ്യാതിഥിയും വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഗസ്റ്റ് ഓഫ് ഓണറും ആകും. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം, മെഡിക്കൽ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെൽനസിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു. കേരള സർക്കാരിന്റെ ടൂറിസം, ആരോഗ്യം, വ്യവസായം വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.















































