ടെൽ അവീവ്: ഗാസ വീണ്ടും അശാന്തിയിലേക്ക് നീങ്ങുന്നു, വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ പത്തിന് നിലവിൽവന്ന വെടി നിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്നാരോപിച്ച് ശക്തമായ ആക്രമണത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
ഗാസയിൽ ഇസ്രായേൽ സൈനികരെ ആക്രമിച്ചതായും മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ ഹമാസ് ലംഘിച്ചതായും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചു. അതേസമയം യുഎസിനെ അറിയിച്ചുകൊണ്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി. പിന്നാലെ യുഎസ് പ്രസിന്റ് ഡൊണാൾഡ് ട്രംപ് പ്രതികരണവും നടത്തി.
ഇസ്രയേലി സൈനികരെ കൊലപ്പെടുത്തിയത് കൊണ്ടാണ് അവർ തിരിച്ചടിച്ചതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേൽ തിരിച്ചടിക്കുക തന്നെ വേണമെന്നും കൂട്ടിച്ചേർത്തു. അതേസമയം ആക്രമണം വെടിനിർത്തലിനെ അപകടത്തിലാക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എയർഫോഴ്‌സ് വണ്ണിൽവെച്ച് ട്രംപ്മാധ്യമങ്ങളോട് പ്രതികരിച്ചു. ‘അവർ ഒരു ഇസ്രായേലി സൈനികനെ കൊന്നു. അതിനാൽ ഇസ്രായേലികൾ തിരിച്ചടിച്ചു. അവർ തിരിച്ചടിക്കുക തന്നെവേണം- ട്രംപ് പറഞ്ഞു.
അതേസമയം തെക്കൻ ഗാസയിലെ റഫാ മേഖലയിലടക്കം ഇസ്രയേലി സൈനികർക്കുനേരെ ആക്രമണം നടന്നെന്ന് ആരോപിച്ചായിരുന്നു വ്യോമാക്രമണം. എന്നാൽ ഹമാസ് ആരോപണം നിഷേധിച്ചു. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും അവർ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും അംഗീകരിച്ച് പ്രാബല്യത്തിലായ ഗാസാസമാധാന പദ്ധതിയുടെ ഭാവി തുലാസിലാക്കുന്നതാണ് പുതിയ പുതിയ സംഭവ വികാസങ്ങൾ.
നിലവിൽ 13 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഹമാസ് വിട്ടുനൽകാനുള്ളത്. ഹമാസ് കരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബർ 19-ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെടുകയുണ്ടായി. മധ്യസ്ഥരും ട്രംപും ഇടപെട്ടാണ് അന്നു സ്ഥിതി ശാന്തമാക്കിയത്.















































