നവംബർ ഒന്ന് കേരളപ്പിറവി ദിവസത്തിൽ കേരളം അതിദാരിദ്യ വിമുക്ത പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണ്. ചടങ്ങിൽ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹസ്സൻ എന്നിവർ പങ്കെടുക്കുമെന്നും വാർത്തകളുണ്ട്. എന്നാൽ മഹാനടന്മാരോട് ഈ പരിപാടിയുടെ ഭാഗമാവരുത് എന്നാവശ്യപ്പെട്ട് കത്തെഴുതിയിരിക്കുകയാണ് ആശാവർക്കർമാർ. എന്താണ് അതിദാരിദ്യ വിമുക്ത സംസ്ഥാനം? എന്തിനാണ് ഈ പ്രഖ്യാപനത്തെ ആശാവർക്കർമാർ എതിർക്കുന്നത് ? പരിശോധിക്കാം:
> എന്താണ് അതിദാരിദ്യ വിമുക്ത സംസ്ഥാനം?
അതിജീവനത്തിന് ആവിശ്യമായ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം തുടങ്ങിയവ നേടിയെടുക്കാൻ ആകാത്തവരെയാണ് അതിദരിദ്രരായി പരിഗണിക്കുന്നത്. അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം എന്നാൽ ഭക്ഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം തുടങ്ങിയവ നേടിയെടുക്കാൻ കഴിയാത്ത മനുഷ്യർ ഇല്ലാത്ത സംസ്ഥാനം എന്നാണ് അർത്ഥം. സമ്പൂർണമായി അതിദാരിദ്ര്യം തുടച്ചുനീക്കി എന്ന പ്രഖ്യാപനമാണ് നവംബർ ഒന്നിന് നടക്കാൻ പോകുന്നത്.
> എന്തുകൊണ്ടാണ് ആശാ വർക്കർമാർ ഈ പ്രഖ്യാപനത്തെ എതിർക്കുന്നത്?
മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നാണ് ആശാ പ്രവർത്തകർ പറയുന്നത്. അതായത് ആശമാരുടെ സമരത്തെ അവഗണിക്കുന്ന സർക്കാർ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോൾ അതിനെ നുണ എന്ന് അഭിസംബോധന ചെയ്യാനും ആശാവർക്കർമാർ മടിക്കുന്നില്ല. ചുരുക്കം പറഞ്ഞാൽ യാഥ്യാർത്ഥങ്ങളോട് നീതി പുലർത്താത്ത, സർക്കാരിന്റെ കാപട്യമാണ് ഈ പ്രഖ്യാപനമെന്ന ധ്വനിയാണ് ആശാവർക്കർമാരുടെ വാക്കുകളിൽ പ്രകടമാകുന്നത്.
> ആശാവർക്കർമാർ എന്തിനാണ് നടന്മാർക്ക് കത്തയച്ചത്? എന്താണ് ആശമാരുടെ ആവശ്യം?
സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുന്ന മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹസ്സൻ എന്നിവർക്കാണ് ആശമാർ കഴിഞ്ഞ ദിവസം കത്തെഴുതിയിട്ടുള്ളത്. കത്തിൽ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് മഹാനടന്മാരോട് വിട്ടുനിൽക്കണം എന്ന് അഭ്യർത്ഥിക്കുന്ന ആശമാർ തങ്ങളുടെ ജീവിത പ്രയാസങ്ങളും കഷ്ടതകളും വിവരിക്കുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ അറിയുകയും, അവർക്കായി നന്മയുടെ ചുമതലകൾ പലതും നിറവേറ്റുന്ന മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ കലാകാരന്മാരോട് 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ് എന്ന് ദയനീയമായി പറയുന്ന ആശമാരെ കേരളം കാണാതെ പോകരുത്. മഹാനടന്മാർ ഈ കത്തിന്റെ അടിസ്ഥാനത്തിൽ ചടങ്ങിൽ നിന്ന് പിന്മാറാൻ സാധ്യയില്ലെങ്കിലും കൊട്ടിഘോഷിച്ച് അതിദാരിദ്ര്യാ വിമുക്ത പ്രഖ്യാപനം നടക്കുമ്പോൾ കേരളത്തിന്റെ ആരോഗ്യമേഖലയിലെ കാലാൾപ്പടയുടെ സമരവും, അതിനോടുള്ള സർക്കാർ സമീപനവും രാഷ്ട്രീയ കേരളം കാണാതെ പോകരുത്.
തൊഴിലാളി വർഗ്ഗത്തിനായി പ്രവർത്തിക്കുമെന്ന് കടലാസുകളിൽ പറയുന്ന പാർട്ടിയും സർക്കാർക്കാരും സംസ്ഥാനം ഭരിക്കുമ്പോഴാണ് ആശാമാർ ഇത്തരത്തിൽ ദുരിതപൂരമായ അവസ്ഥയിലൂടെ കടന്ന് പോകുന്നത്. ആശ പ്രവർത്തകരുടെ കത്തിന്റെ അവസാന ഭാഗങ്ങൾ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്നതാണ്. പ്രിയ കലാകാരന്മാരോട് സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപോരാളികളെ വന്ന് കാണണം എന്ന് അഭ്യർത്ഥിക്കുന്ന ആശമാർ സ്വയം അടയാളപ്പെടുത്തുന്നത് മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങൾ ആശമാർ എന്നാണ്. തങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ് എന്നും, അതിദാരിദ്ര്യ വിമുക്‌ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല എന്നും പറയുന്ന ആശമാർ പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിന്റെ അതി ദാരിദ്ര്യ വിമുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
> ആശമാരുടെ സമരവും സർക്കാർ സമീപനവും
തങ്ങളുടെ സമരത്തെപ്പറ്റിയും, അതിനോടുള്ള സർക്കാർ സമീപനത്തെ കുറിച്ചും ആശമാർ നടന്മാർക്ക് എഴുതിയ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. 18 വർഷമായി സംസ്‌ഥാനത്തിൻ്റെ ആരോഗ്യമേഖലയിൽ സമർപ്പിതമായി പ്രർത്തിക്കുന്നവരാണ് ആശ പ്രവർത്തകർ, പകർച്ചവ്യാധികളുടെയും മഹാമാരികളയുടെയും കാലത്ത് നിസ്വാർത്ഥമായ സേവങ്ങൾ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ നടത്തിയവരാണ്. കോവിഡ് കാലത്ത് രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ 11 ആശ പ്രവർത്തകർ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാർഥ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട് ആരോഗ്യരംഗത്തെ കാലാൾപ്പട എന്ന വിളിപ്പേരു പോലും ഇവർ നേടി. എന്നാൽ കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുൻപിൽ സർക്കാരിന്റെ അനുഭാവപൂർണമായ തീരുമാനം കാത്ത് രാപകൽ സമരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ആശാപ്രവർത്തകരായ ഈ സ്ത്രീ തൊഴിലാളികൾ.
ദുഃഖവും നിരാശയും നിറയുന്ന ജീവിതത്തിൽ ആശ്വാസത്തിന്റെ വെളിച്ചം തേടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത് എന്ന് ദയനീയതോടെ പറയുന്ന ആശമാരെ കേരളത്തിന്റെ പൊതുസമൂഹം പോലും വേണ്ട പ്രാധാന്യത്തിൽ ചർച്ച ചെയ്യുന്നില്ല. നിലവിലുള്ള 233 രൂപ ദിവസവേതനം വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ഏറ്റവും ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ വനിതാ തൊഴിലാളികൾ കഴിഞ്ഞ ഫെബ്രുവരി മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് പോരുന്നത്. കൊടിയ വെയിലും കനത്ത മഴയും ആരോഗ്യത്തെ തകർക്കുന്ന മലിനീകരണവും നേരിട്ട് തെരുവിൽ അന്തിയുറങ്ങുന്ന ആശമാരുടെ സമരത്തിനോട് സർക്കാർ കൈക്കൊള്ളുന്നത് ക്രൂരമായ സമീപനമാണ്. കോരിച്ചൊഴിയുന്ന മഴയിൽ ഒരു ടാർപാളിൻ ഷീറ്റ് പോലും തലയ്ക്കുമുകളിൽ പിടിക്കുന്നത് സർക്കാർ വിലക്കി. ഏറ്റവുമൊടുവിൽ ആശമാരുടെ തുച്ഛവരുമാനത്തിൽ നിന്നും ചില്ലിത്തുട്ടുകൾ ശേഖരിച്ച് വാങ്ങിച്ച ഉച്ചഭാഷിണിയും പൊലീസ് പിടിച്ചെടുത്തു. പ്രതിഷേധിച്ച ആശമാരുടെ നേർക്ക് പൊലീസ് ജീപ്പ് ഇരച്ചെത്തുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. അങ്ങേയറ്റം സമാധാനപരമായി, ജനാധിപത്യ ശൈലിയിൽ, സഹനസമരത്തിൻറെ പാത സ്വീകരിച്ചിട്ടുള്ള, ഈ സ്ത്രീകളോടാണ് സർക്കാർ സ്വീകരിക്കുന്നത് ഇത്തരത്തിൽ മനുഷ്യത്വ വിരുദ്ധ സമീപനങ്ങളാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ സ്ത്രീകൾ തെരുവിൽ കഴിയുക എന്നത് ഒരു ദിവസത്തേക്കുപോലും സാധ്യമല്ലാതിരിക്കേ, കഴിഞ്ഞ 260 ദിവസമായി സമരം ചെയ്യുന്ന ഈ സ്ത്രീകളോട് അനുകമ്പാപൂർണമായ ഒരു സമീപനം സ്വീകരിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തൊഴിലാളി എന്ന വാക്ക് ഉച്ചരിക്കാനുള്ള അവകാശം പോലുമില്ല.
> അതിദാരിദ്യ വിമുക്ത സംസ്ഥാനം പ്രഖ്യാപനത്തിൽ ആരാണ് ശരി? സർക്കാരോ അതോ ആശമാരോ?
ഇവിടെ ആശ പ്രവർത്തകാരാണ് ശരി എന്നു പറയാൻ രണ്ടാമത് ഒന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ല. സർക്കാർ മഹാനടന്മാരെ ക്ഷണിച്ച്, ലക്ഷ്യങ്ങളോ കോടികളോ ഒക്കെ പൊടിച്ച് വലിയ പ്രഖ്യാപനം നടത്തുമ്പോൾ ആശമാർ ജീവിക്കാൻ വേണ്ടി മഴയെന്നോ വെയിൽ എന്നോ ഇല്ലാതെ തെരുവിൽ പോരാടുകയാണ്. ദിവസ വേതനം 233 രൂപയെന്ന തുച്ഛമായ തുക മാത്രമുള്ള, അതിൽ തന്നെ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിവസേന ജോലി ചെയ്യാൻ ചെലവഴിക്കേണ്ടി വരുന്ന ആശാ പ്രവർത്തകർ അവരെ സ്വയം അതിദാരിദ്ര്യർ എന്ന് അടയാളപ്പെടുത്തുമ്പോൾ പിന്നെ ഈ കൊട്ടിഘോഷിച്ചുള്ള അതിദാരിദ്യ വിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിന് എന്താണ് പ്രസക്തി. ജീവിക്കാനായി കഷ്ടപ്പെടുന്ന മനുഷ്യർക്ക് മാറ്റങ്ങൾ ഇതൊന്നും ഉണ്ടാവുന്നില്ലെന്ന് ഈ പ്രഖ്യാപനങ്ങൾ കൊണ്ട് എന്താണ് മെച്ചം?
















































