തായ്‌പേയ്: പലരും അനുഭവിക്കുന്ന മുടികൊഴിച്ചിലിന് ശാശ്വത പരിഹാരം കണ്ടെത്തിയതായി റിപ്പോർട്ട്. നാഷണൽ തായ്‍വാൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ റബ്-ഓൺ സിറം വെറും 20 ദിവസങ്ങൾക്കകം മുടിവളർച്ച പുനസ്ഥാപിക്കാമെന്ന ആവേശകരമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ഇതു മുടികൊഴിച്ചിൽ പ്രശ്‌നത്തിന് പരിഹാരം തേടുന്നവർക്കായി ശാസ്ത്രലോകം പുതിയ പ്രതീക്ഷ തുറന്നിരിക്കുന്നു.
ഗവേഷകർ പറയുന്നതു പ്രകാരം പ്രകൃതിദത്തമായ ഫാറ്റി ആസിഡുകൾ ഉപയോഗിച്ചാണ് ഈ സിറം നിർമ്മിച്ചിരിക്കുന്നത്. ഇത് ത്വക്കിലെ കൊഴുപ്പുകണങ്ങളെ (fat cells) ഉത്തേജിപ്പിച്ച് പുതിയ മുടികോശങ്ങൾ (hair follicles) രൂപപ്പെടാൻ പ്രേരിപ്പിക്കുന്നു.
പരീക്ഷണങ്ങളിൽ വൻ വിജയം
പുതിയ പരീക്ഷണം ആദ്യം നടത്തിയത് എലികളിലായിരുന്നു. ലബോറട്ടറിയിൽ നടത്തിയ എലി പരീക്ഷണങ്ങളിൽ ഈ സിറം മുടിവളർച്ചയ്ക്കായി ഫലപ്രദമാണെന്ന് തെളിഞ്ഞു. അത്രമേൽ പ്രതീക്ഷാജനകമായ ഫലങ്ങൾ കണ്ടതോടെ ഗവേഷണ സംഘത്തിലെ പ്രൊഫസർ സങ്-ജാൻ ലിൻ സ്വന്തമായി തന്നെ തന്റെ കാലിൽ സീറത്തിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചു.
“ഞാൻ ഈ ഫാറ്റി ആസിഡുകൾ മൂന്നു ആഴ്ചത്തേക്ക് എന്റെ തോളിൽ പുരട്ടിയപ്പോൾ മുടിവളർച്ച പുനരാരംഭിക്കുന്നത് കണ്ടു,” – പ്രൊഫ്. ലിൻ ന്യൂ സൈന്റിസ്റ്റ് പത്രത്തോട് പ്രതികരിച്ചു.
ശാസ്ത്രീയ രഹസ്യം എന്ത്?
ഗവേഷകർ പറയുന്നത് ഈ സീറം Hypertrichosis എന്ന പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ്. ത്വക്കിൽ ചെറിയ തോതിൽ ഉണ്ടാകുന്ന ഇറിട്ടേഷൻ അല്ലെങ്കിൽ മൈക്രോ ഇൻജറി മുടിവളർച്ചയെ ഉത്തേജിപ്പിക്കുമെന്നതാണ് ഈ ആശയത്തിന് പിന്നിലെ ശാസ്ത്രം. ത്വക്കിൽ ഈ രാസപ്രവർത്തനം നടക്കുമ്പോൾ പ്രതിരോധകോശങ്ങൾ കൊഴുപ്പുകണങ്ങളിലേക്ക് നീങ്ങി അവയെ ഫാറ്റി ആസിഡുകൾ വിടാൻ പ്രേരിപ്പിക്കുന്നു. ഈ ആസിഡുകൾ മുടിവളർച്ചാ കോശങ്ങൾ (stem cells) ആഗിരണം ചെയ്ത് പുതിയ മുടി വളർച്ചയെ സഹായിക്കുന്നു.
സുരക്ഷിത ഘടകങ്ങൾ
സിറത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒലെയിക് ആസിഡ് (Oleic acid), പാൽമിറ്റോലെയിക് ആസിഡ് (Palmitoleic acid) എന്നീ ഘടകങ്ങൾ സസ്യങ്ങളിലും മനുഷ്യശരീരത്തിലെ കൊഴുപ്പിലും സ്വാഭാവികമായി കാണപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ഇവ സുരക്ഷിതവും ത്വക്കിന് അനുകൂലവുമാണ് എന്ന് ഗവേഷകർ പറയുന്നു.
വിപണിയിലെത്തുക അടുത്ത വർഷം
വികസിപ്പിച്ചെടുത്ത പുതിയ സിറത്തിനായി ഗവേഷകസംഘം പാറ്റന്റ് നേടിയിട്ടുണ്ട്. പക്ഷെ മനുഷ്യരുടെ തലച്ചർമ്മത്തിൽ പരീക്ഷണങ്ങൾ നടത്തി വിവിധ ഡോസുകൾ പരിശോധിക്കുന്നതിനു ശേഷമേ ഇത് വിപണിയിലെത്തൂവെന്നാണ് അറിയുന്നത. ഇതു വിജയകരമായാൽ അടുത്ത വർഷങ്ങളിൽ തന്നെ ഈ സീറം ഓവർ-ദി-കൗണ്ടർ (OTC) ആയി ലഭ്യമാകാനാണ് പ്രതീക്ഷ.
















































