വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. രണ്ട് അപകടങ്ങളും വെറും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിലാണ്. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്ത സമയങ്ങളിൽ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു.
വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സിൽ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ആർ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകൾക്കുശേഷം ബോയിങ് എഫ്എ–18 എഫ് സൂപ്പർ ഹോണറ്റ് വിമാനം തകർന്നു വീണു. അതേസമയം നിരീക്ഷണ പറക്കൽ നടത്തുകയായിരുന്നു വിമാനം. ഇതിലെ പൈലറ്റുമാരേയും രക്ഷപ്പെടുത്തി.
അതേസമയം വിമാനം തകർന്നു വീഴാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. എഫ്എ–18 എഫ് വിമാനത്തിന്റെ വില 60 മില്യൻ (ഏകദേശം 528 കോടി) യുഎസ് ഡോളറാണ്. അമേരിക്കൻ സേനയിലെ പഴക്കമുള്ള വിമാനവാഹിനിയാണ് നിമിറ്റ്സ്. അടുത്തവർഷം സർവീസിൽനിന്ന് പിൻവലിക്കും.
ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും കഴിഞ്ഞ ദിവസം സമാധാന കരാർ ഒപ്പിട്ടിരുന്നു. മലേഷ്യയിൽ ഇന്നലെയെത്തിയ ട്രംപ് ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാനും ദക്ഷിണ കൊറിയയും കൂടി സന്ദർശിച്ച ശേഷമാണ് ട്രംപ് മടങ്ങുക. ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
















































